ബാലരാമപുരം: പൊന്നോണ നാളുകളെ വരവേല്‍ക്കാന്‍ പാക്കളങ്ങള്‍ ഒരുങ്ങി. എന്നാല്‍, ഈ ഓണവും പാക്കളത്തിലെ തൊഴിലാളികള്‍ക്ക് അവഗണനയുടേതുതന്നെ. കൈത്തറിക്ക് വേണ്ട നൂല്‍ തയാറാക്കുന്ന തങ്ങളുടെ പ്രശ്നത്തിന് ഈ ഓണത്തിനും പരിഹാരമില്ളെന്ന് ഇവര്‍ പറയുന്നു. പാക്കളങ്ങളിലെ തൊഴിലാളികളെ കൈത്തറി തൊഴിലാളികളായി സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് ഇവരുടെ ജീവിതം ദുരിതമാക്കുന്നത്. അതേസമയം, കൈത്തറി വസ്ത്ര നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഘട്ടമാണ് പാവുണക്കല്‍. കൈത്തറി മേഖലയില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും സര്‍ക്കാറില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരാണിവര്‍. പ്രശസ്ത ബാലരാമപുരം കൈത്തറി വസ്ത്രനിര്‍മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഇവരുടെ ഓണം ഇത്തവണയും പരാധീനതകളില്‍ത്തന്നെ. രാപ്പകല്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വരുമാനമാണ്. ഐത്തിയൂര്‍, കല്ലിയൂര്‍, പെരിങ്ങമ്മല, കോട്ടുകാല്‍, മംഗലത്ത്കോണം തുടങ്ങിയ പ്രദേശങ്ങളിലെ പാക്കളങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന നൂലിനെ കൈത്തറി വസ്ത്രത്തിന് അനുയോജ്യമാക്കുകയാണ് പാക്കളങ്ങളിലെ ജോലി. ചര്‍ക്കയില്‍ നൂല്‍ ചുറ്റി പാവോട്ടം നടത്തിയാണ് പാക്കളങ്ങളില്‍ എത്തിക്കുക. സൂര്യരശ്മി നേരിട്ട് പതിക്കാത്ത തോപ്പുകളിലെ ചോലകളിലാണ് പാവ് വിരിക്കുന്നത്. ഇവക്ക് 150 മീറ്ററോളം നീളമുണ്ടാകും. പാക്കളങ്ങളുടെ ഇരുവശത്തും തൂണുകളിലൂടെ കപ്പിയും കയറും ഉപയോഗിച്ച് നൂല്‍കെട്ടി നിര്‍ത്തി പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. മരച്ചീനിയുടെയും ആട്ടമാവിന്‍െറയും മിശ്രിതപശ പാവില്‍ തേച്ച് പിടിപ്പിക്കും. തുടര്‍ന്ന് പല്ലുവരി കൊണ്ട് ചീകിയെടുത്ത് നൂല്‍ ഉണക്കുന്നതാണ് പാവുണക്കല്‍. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന തൊഴിലാളികളുടെ പാവുണക്കല്‍ വൈകീട്ട് മൂന്നുവരെ നീളും. ദിവസം മൂന്ന് പാവു മാത്രമേ ഒരു കളത്തില്‍ ഉണക്കാന്‍ കഴിയൂ. എന്നാല്‍, ഒരാള്‍ക്ക് 270 മുതല്‍ 370 രൂപവരെയേ കൂലി ലഭിക്കൂ. കൈത്തറി തൊഴിലാളികളായി അഗീകരിച്ചിട്ടില്ലാത്തതിനാല്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാറില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. 150ലേറെ പാക്കളങ്ങളുണ്ടായിരുന്ന ബാലരാമപുരത്തിന് അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. ഓണനാളുകള്‍ക്ക് മാറ്റുകൂട്ടാന്‍ നാടെങ്ങും കൈത്തറി ശേഖരം കണ്‍തുറക്കുമ്പോള്‍ കണ്ണീരിന്‍െറയും വിയര്‍പ്പിന്‍െറയും നനവുള്ള പാക്കളങ്ങള്‍ക്ക് വിശ്രമമില്ല. അധികൃതരുടെ കണ്ണുതുറക്കുന്നതും കാത്ത് ഓരോ ഓണനാളും ഇവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.