തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ചരിത്രത്തിലെ നിരവധി അപൂര്‍വതകള്‍ക്കും നിര്‍ണായകഘട്ടങ്ങള്‍ക്കും സാക്ഷിയായ മുഖ്യപൂജാരി മരുതംപാടി നാരായണന്‍ പത്മനാഭന്‍ നിയോഗം പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് മടങ്ങുന്നു. പെരിയനമ്പിയായി എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയാണ് സ്ഥാനം ഒഴിയുന്നത്. ക്ഷേത്രത്തിന്‍െറ ചരിത്രത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം ഭരണസമിതി അംഗമാകുന്ന ആദ്യ പെരിയനമ്പിയാണ് ഇദ്ദേഹം. രണ്ടു ലക്ഷദീപങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. രാജഭരണത്തിലെ അവസാന അംഗമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ മരണശേഷം അടുത്ത സ്ഥാനീയനായ മൂലം തിരുനാളിന്‍െറ സ്ഥാനാരോഹണത്തിന് കാര്‍മികത്വം വഹിച്ചു. കിഴക്കേമഠം പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധത്തിലും പങ്കാളിയായി. ഇങ്ങനെ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചടങ്ങുകള്‍ക്കും മുഖ്യസ്ഥാനത്ത് ഇദ്ദേഹം ഉണ്ടായിരുന്നു. ക്ഷേത്ര നിലവറകളിലെ അമൂല്യനിധി ശേഖരം ലോക ശ്രദ്ധ നേടിയപ്പോഴും നിരവധി വിവാദങ്ങളും കോടതി വ്യവഹാരങ്ങളും തുടരുമ്പോഴും പരാതിയോ പരിഭവമോ കൂടാതെ പത്മനാഭ പൂജയില്‍ മുഴുകുകയായിരുന്നു. 2008 ലാണ് ക്ഷേത്രത്തില്‍ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേറ്റത്. ആറുമാസം കഴിഞ്ഞതോടെ പെരിയനമ്പിയായി. പുറപ്പെടാ ശാന്തിക്കാരനായിട്ടാണ് പെരിയനമ്പിമാര്‍ കഴിയുന്നത്. സ്വന്തം വീട്ടിലോ മറ്റ് വീടുകളിലോ പോകാന്‍ പാടില്ല. ക്ഷേത്രത്തിന്‍െറ പടിഞ്ഞാറേനടയിലെ നമ്പിമഠത്തിലാണ് താമസം. ഉത്സവ ആറാട്ടിന് ശംഖുംമുഖം വരെയും പള്ളിവേട്ടക്ക് കളം വരെയും പത്മനാഭ വിഗ്രഹത്തോടൊപ്പം മാത്രമായിരുന്നു പുറംയാത്രകള്‍. കേരളത്തിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലേയും മേല്‍ശാന്തി നിയമനം അടക്കമുള്ള കാര്യങ്ങളില്‍ മുഖ്യപങ്കുള്ള പദവിയാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പി. ഈ സ്ഥാനം ഒഴിഞ്ഞാല്‍ പിന്നെ മറ്റു ക്ഷേത്രങ്ങളില്‍ പൂജാരിയാകാന്‍ കഴിയില്ല. വൈകുണ്ഠപൂജ നടത്തിയ ആള്‍ ഒരു ക്ഷേത്രത്തിലും നിത്യപൂജ നടത്തരുതെന്നാണ് വിശ്വാസം. കാസര്‍കോട് കാഞ്ഞങ്ങാട് പുല്ലൂര്‍ യോഗസഭയിലെ ഇക്കര ദേശക്കാരായ പത്തില്ലത്തില്‍പെട്ട മരുതംപടി മനയില്‍ പരേതനായ കേശവന്‍ നാരായണന്‍െറയും ഗൗരി അന്തര്‍ജനത്തിന്‍െറയും മകനാണ്. ഉഷാ അന്തര്‍ജനമാണ് ഭാര്യ. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ കിഷോര്‍ നാരായണനും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ പത്മകുമാറുമാണ് മക്കള്‍. പ്രായമായ അമ്മയെ പരിചരിക്കാനാണ് ഇഷ്ടദേവന്‍െറ സന്നിധി വിട്ട് അദ്ദേഹം പടിയിറങ്ങുന്നത്. സ്ഥാനമാറ്റമായ കുടമാറ്റച്ചടങ്ങ് വ്യാസകോണ്‍ മണ്ഡപത്തില്‍ വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കും. പുഷ്പാഞ്ജലി സ്വാമിയാരെ നമസ്കരിച്ച് ഏറ്റുവാങ്ങിയ കുടയും അധികാര ചിഹ്നങ്ങളും തിരികെ ഏല്‍പിക്കും. തുടര്‍ന്ന് ശ്രീപത്മനാഭന് സമര്‍പ്പിക്കുന്ന സ്വര്‍ണ കിരീടം അടുത്ത പെരിയനമ്പിക്ക് കൈമാറും. യാത്രയയപ്പും മറ്റ് ആദരിക്കല്‍ ചടങ്ങുകളും സ്നേഹപൂര്‍വം ഒഴിവാക്കി അന്നുതന്നെ അദ്ദേഹം മടങ്ങും. പഞ്ചഗവ്യതന്ത്രിയായിരുന്ന അക്കരദേശി ഉപ്പാരണം നരസിംഹകുമാറാണ് പുതിയ പെരിയനമ്പിയായി സ്ഥാനമേല്‍ക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.