തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ക്ക് പരിഹാരം കാണാതെ വിഴിഞ്ഞം പദ്ധതി നടപ്പാക്കരുതെന്ന് ലത്തീന്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു. ആനിമേഷന്‍ സെന്‍ററില്‍ നടന്ന യോഗത്തില്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷത വഹിച്ചു. 180 ഏക്കര്‍ കര നികത്തുകയും നാലു കിലോമീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മിക്കുകയും ചെയ്യുമ്പോള്‍ പനത്തുറ മുതല്‍ പെരുമാതുറ വരെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് തീരവും പാര്‍പ്പിടവും നഷ്ടപ്പെടും. അടിമലത്തുറ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരക്കടല്‍ കപ്പല്‍ ചാനല്‍ ആക്കുന്നതുമൂലം അമ്പതിനായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കപ്പലോട്ടത്തിന്‍െറയും മറ്റും ഫലമായി മത്സ്യസമ്പത്തിന് ഗണ്യമായ കുറവുണ്ടാകും. ഇതിനെക്കുറിച്ച് പൊതുജനങ്ങളിലും ഇടവകകളിലും ബോധവത്കരണം നടത്താനും തീരുമാനിച്ചു. വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, മോണ്‍. ജെയിംസ് കുലാസ്, മോണ്‍. തോമസ് നെറ്റോ, കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. തിയോഡേഷ്യസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എം.എ. ഫ്രാന്‍സിസ്, ബെര്‍ബി ഫെര്‍ണാണ്ടസ്, ജോളി പത്രോസ്, അഡ്വ. അഡോള്‍ഫ് മൊറൈസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.