തിരുവനന്തപുരം: മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി നല്‍കണമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ ജാനു. ലാന്‍ഡ് അസൈമെന്‍റ് ആക്ടില്‍ ഭേദഗതി വരുത്തിയിറക്കിയ വിജ്ഞാപനങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുക, യഥാര്‍ഥ ഭൂരഹിതര്‍ക്ക് അടിയന്തരമായി ഭൂമി വിതരണം ചെയ്യുക, നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ കലക്ടറേറ്റ് ഉപരോധസമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പച്ചക്കറിക്കടക്കം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സമൂഹമാണ് മലയാളികള്‍. വിഷം പുരട്ടിയ പച്ചക്കറി ഒഴിവാക്കുന്നതിന് ചെക്പോസ്റ്റുകളില്‍ പരിശോധന നടത്തിയിട്ട് കാര്യമില്ല. മറ്റ് സംസ്ഥാനങ്ങളിലെ ആളുകള്‍ അധ്വാനിച്ചിട്ടാണ് മലയാളികള്‍ ഭക്ഷണം കഴിക്കുന്നത്. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി നല്‍കിയാല്‍ ഇവിടെ കാര്‍ഷിക വിപ്ളവമുണ്ടാകും. ഇതുവഴി ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തില്‍ കേരളത്തിന് സ്വയംപര്യാപ്തത നേടാനാവും. ഇതിനൊന്നും ഇവിടെ ഭരിക്കുന്നവര്‍ക്ക് താല്‍പര്യമില്ളെന്നും ജാനു പറഞ്ഞു. വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ സമരം ഉദ്ഘാടനം ചെയ്തു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ അപേക്ഷകര്‍ക്ക് നല്‍കാന്‍ സംസ്ഥാനത്ത് ഭൂമിയില്ളെന്ന് പറയുന്ന മുഖ്യമന്ത്രിയും റവന്യൂമന്ത്രിയുമാണ് നാലേക്കര്‍ വെച്ച് ആയിരക്കണക്കിന് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി കൈയേറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ വഴിവിട്ട നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂസമരസമിതി ജില്ലാ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്‍റ് സര്‍വോദയ സമാജം പ്രസിഡന്‍റ് ജഗദീഷ്, ദലിത് ആക്ടിവിസ്റ്റ് ധന്യരാമന്‍, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് മധു കല്ലറ, ജനറല്‍ സെക്രട്ടറി അഷ്റഫ് കല്ലറ, ഭൂസമരസമിതി ജില്ലാ കണ്‍വീനര്‍ അന്‍ഷാദ് ചുള്ളിമാനൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.