രാജധാനി ബില്‍ഡിങ്സ് പൊളിക്കല്‍: സംയുക്ത പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: ഓപറേഷന്‍ അനന്തയുടെ ഭാഗമായി ബാറുടമ ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള കിഴക്കേകോട്ടയിലെ രാജധാനി ബില്‍ഡിങ്സ് കൈയേറ്റത്തെ സംബന്ധിച്ച് സംയുക്ത പരിശോധന തിങ്കളാഴ്ച നടന്നു. ഹൈകോടതി നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. തെക്കനംകര കനാല്‍ കൈയേറിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച നടക്കുന്ന വാദംകേള്‍ക്കലിനുശേഷം അന്തിമ തീരുമാനമുണ്ടാകും. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വന്നതിന്‍െറ അടിസ്ഥാനത്തില്‍ ബിജു രമേശ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തന്‍െറ കൂടി സാന്നിധ്യത്തില്‍ കെട്ടിടം പരിശോധിക്കണമെന്നാണ് ബിജു രമേശ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സംയുക്ത പരിശോധനക്ക് ഹൈകോടതി നിര്‍ദേശിച്ചു. ഡെപ്യൂട്ടി കലക്ടര്‍ കെ. കാര്‍ത്തികേയന്‍, എ.ഡി.എം വി.ആര്‍. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. ബിജു രമേശ് പങ്കെടുത്തില്ല. സ്ഥലത്തില്ലാത്തതിനാല്‍ പരിശോധനക്ക് ഒരാഴ്ചത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നെങ്കിലും പരിഗണിച്ചില്ല. കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ളെന്ന് അറിയിച്ച സംഘം പരിശോധനക്കത്തെുകയായിരുന്നു. തുടര്‍ന്ന് ബിജു രമേശിന്‍െറ പ്രതിനിധികള്‍ പങ്കെടുത്തു. കനാല്‍ കൈയേറിയല്ല നിര്‍മാണം നടത്തിയതെന്ന വാദം ബിജു രമേശിന്‍െറ പ്രതിനിധികള്‍ പരിശോധകസംഘത്തെ അറിയിച്ചു. രാജധാനി ബില്‍ഡിങ്ങിന്‍െറ പിറകിലായി കാണുന്ന കനാലിന്‍െറ ഭാഗവും സംഘം പരിശോധിച്ചു. സ്ഥലപരിശോധനക്കുശേഷം വൈകീട്ട് കലക്ടറേറ്റില്‍ നടന്ന ഹിയറിങ്ങിലും ബിജു രമേശിന്‍െറ പ്രതിനിധികളാണ് പങ്കെടുത്തത്. ചൊവ്വാഴ്ച ഹിയറിങ് തുടരുമെന്ന് സബ് കലക്ടര്‍ കാര്‍ത്തികേയന്‍ അറിയിച്ചു. പ്രാഥമിക പരിശോധനയിലെ കാര്യങ്ങള്‍ വിലയിരുത്തി നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.