വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

കഴക്കൂട്ടം: വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹപാഠികളുടെ പരിഹാസത്തില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്ന് പറയപ്പെടുന്നു. പോത്തന്‍കോട് ചേങ്കോട്ടുകോണത്തെ സ്വകാര്യ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ് വെള്ളിയാഴ്ച രാവിലെ 11ന് മൂന്നാം നിലയിലെ യോഗഹാളിന് സമീപത്തുനിന്ന് ചാടിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴക്കൂട്ടം സ്വദേശിനിയാണ്. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും ഒൗദ്യോഗികമായി പരാതി നല്‍കാന്‍ സ്കൂള്‍ അധികൃതരോ രക്ഷാകര്‍ത്താക്കളോ തയാറായിട്ടില്ല. കുട്ടിയുടെ മാതാവ് മുമ്പ് ഇതേ സ്കൂളിലെ അധ്യാപികയായിരുന്നു. താഴെ വീഴാനുള്ള സാഹചര്യമില്ളെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വിദ്യാര്‍ഥിനി ദിവസങ്ങളായി ദുഃഖിതയായിരുന്നുവെന്നും സഹപാഠികളുടെ കളിയാക്കല്‍ വിവരം രക്ഷാകര്‍ത്താക്കളോട് പറഞ്ഞിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. സ്കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ച പ്രധാനാധ്യാപിക കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.