ഇടനിലക്കാരായത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും ബ്ളോക് പഞ്ചായത്തംഗവും

കഴക്കൂട്ടം: കഠിനംകുളം കായലോരത്തെ വിവാദ ഭൂമി ഇടപാടില്‍ ഇടനിലക്കാരായത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും ബ്ളോക് പഞ്ചയത്തംഗവും. കഠിനംകുളം വില്ളേജ് ഓഫിസ് പരിധിയിലെ കരിച്ചാറയില്‍ കഠിനംകുളം കായലോരത്തെ രണ്ടര ഏക്കര്‍ ഭൂമിയുടെ വില്‍പനയും ഇതോടനുബന്ധിച്ച പുറമ്പോക്ക് കൈയേറ്റവുമാണ് വിവാദമായത്. ഇടപാടില്‍ ഇടനിലക്കാരായത് കണിയാപുരം സ്വദേശിയായ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും പോത്തന്‍കോട് ബ്ളോക് പഞ്ചായത്തിലെ വനിതാ നേതാവുമാണ്. മുരുക്കുംപുഴ സ്വദേശികളും ചിറ്റാറ്റുമുക്കില്‍ താമസക്കാരുമായ സഹോദരങ്ങളുടെ രണ്ടരഏക്കര്‍ വസ്തുവാണ് ഒരുമാസം മുമ്പ് പ്രവാസികളായ സംഘം വിലക്കുവാങ്ങിയത്. ഈ ഭൂമിയോട് ചേര്‍ന്ന 65 സെന്‍റ് കായല്‍ പുറമ്പോക്ക് കൈയേറാനും ശ്രമം നടന്നു. ഈ പുറമ്പോക്ക് കൂടി കൈവശപ്പെടുത്തിയാല്‍ മാത്രമേ വാങ്ങിയ വസ്തുവില്‍ ഉടമകള്‍ക്ക് പുതിയ സംരംഭം നടപ്പാക്കാന്‍ കഴിയുകയുള്ളൂ. നിരവധി തവണ കൈയേറ്റ ശ്രമം നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കൈയേറ്റ ഇടപാടില്‍ പങ്കുള്ളതായാണ് വിവരം. കൈയേറ്റവിവരം ഒതുക്കിത്തീര്‍ക്കാന്‍ ജനപ്രതിനിധികളിലേക്കും ഉദ്യോഗസ്ഥരിലേക്കും ഒഴുക്കിയത് അരക്കോടിയിലേറെ രൂപയാണ്. പ്രതിഷേധവുമായി രംഗത്തത്തെിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഇടനിലക്കാരുമായി ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതും വിവാദം രൂക്ഷമാക്കി. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെയും പോത്തന്‍കോട് ബ്ളോക്കിലെയും ചില ജനപ്രതിനിധികളും ജില്ലയിലെ ഒരു പ്രമുഖ നേതാവും ഇടനിലക്കാരും വസ്തു ഉടമകളും ചേര്‍ന്നാണ് പ്രാദേശിക നേതാവുമായി ചര്‍ച്ചനടത്തിയത്. ചര്‍ച്ചയില്‍ വിവാദ വസ്തു വില്‍പനക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും പങ്കെടുത്തു. സംഭവം വിവാദമായിട്ടും ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് പഞ്ചായത്ത്-റവന്യൂ അധികൃതര്‍ നടത്തുന്നത്. കഠിനംകുളം കായലിന്‍െറ ഇരുകരകളിലുമായി ഏക്കര്‍കണക്കിന് സ്ഥലമാണ് കൈയേറിയിട്ടുള്ളത്. ചേരമാന്‍തുരുത്തില്‍ കഠിനംകുളം കായല്‍ തീരത്തെ ഏക്കര്‍കണക്കിന് സ്ഥലം കൈയേറുന്നതായി 2014 സെപ്റ്റംബര്‍ ഒന്നിന് ഡി.സി.സി ട്രഷറര്‍ എം.എ. ലത്തീഫ് റവന്യൂ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് ഡെപ്യൂട്ടികലക്ടര്‍ക്ക് (വിജിലന്‍സിന് )പരാതി കൈമാറുകയും വിശദ വിവരത്തിനും അടിയന്തര റിപ്പോര്‍ട്ടിനും മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, റവന്യൂ അധികൃതര്‍ നിഷേധാത്മകനിലപാടാണ് സ്വീകരിച്ചതെന്ന് ലത്തീഫ് ആരോപിക്കുന്നു. കഠിനംകുളം കായലിന്‍െറ വ്യാപ്തി കുറയുന്നതായി പല പഠനങ്ങളും വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, കായല്‍ പുറമ്പോക്കിന്‍െറ സംരക്ഷണം പഞ്ചായത്തിന്‍െറ ഉത്തരവാദിത്തമാണെന്ന് റവന്യൂ ഉദ്യോഗസ്ഥരും പുറമ്പോക്ക് എത്രയെന്ന് അറിയില്ളെന്നും റവന്യൂ വകുപ്പാണ് അളന്ന് തിട്ടപ്പെടുത്തി സര്‍വേകല്ലുകള്‍ സ്ഥാപിക്കേണ്ടതെന്ന് പഞ്ചായത്തും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.