കഴക്കൂട്ടം: കഠിനംകുളം കായല്‍ പുറമ്പോക്ക് ഭൂമി കൈയേറ്റത്തിനെതിരെ ശബ്ദിക്കാതിരിക്കാന്‍ ഭൂമാഫിയ ഒഴുക്കിയത് അരക്കോടിയോളം രൂപ. ജനപ്രതിനിധികള്‍ക്കും ചില പ്രാദേശിക നേതാക്കള്‍ക്കുമായാണ് തുക വീതിച്ചു നല്‍കിയത്. പഞ്ചായത്തും റവന്യൂ അധികൃതരും പരാതികളടക്കം പൂഴ്ത്തിവെച്ച് വില്‍പനക്ക് ഒത്താശ ചെയ്യുകയായിരുന്നു. കരിച്ചാറ കൊടുമൂലത്തോപ്പില്‍ ഒരുമാസം മുമ്പ് നടന്ന വസ്തു കച്ചവടത്തില്‍ വന്‍ തിരിമറികളാണ് നടന്നത്. ഇവിടത്തെ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്താന്‍ ലക്ഷങ്ങളാണ് ഭൂമാഫിയ നല്‍കിയത്. ഒരുമാസം മുമ്പാണ് രണ്ടര ഏക്കര്‍ പ്രവാസികളായ സംഘം വിലക്കുവാങ്ങിയത്. ഇതിനോട് ചേര്‍ന്ന 65 സെന്‍റ് കൈവശപ്പെടുത്താനുള്ള ശ്രമമാണ് ശക്തമായിരിക്കുന്നത്. കൈയേറ്റം സംബന്ധിച്ച് പരാതികളുയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാര്‍ അതിക്രമിച്ചുകയറുന്നത് ശിക്ഷാര്‍ഹമാണന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ബോര്‍ഡ് രണ്ടുദിവസത്തിനകം അപ്രത്യക്ഷമായി. പഞ്ചായത്തധികൃതര്‍ മംഗലപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ജനപ്രതിനിധികളുള്‍പ്പെട്ട രഹസ്യചര്‍ച്ചകളെതുടര്‍ന്നാണ് തുടര്‍നടപടികള്‍ അവസാനിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുറമ്പോക്ക് കൈയേറുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച യുവജന സംഘടനയും പിന്മാറുകയായിരുന്നു. സംഭവം ഒതുക്കാന്‍, വസ്തു വാങ്ങിയയാള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനും യുവജന സംഘടന പ്രതിനിധിക്കുമായി നല്‍കിയത് ഒമ്പത് ലക്ഷം രൂപയാണ്. ആദ്യം ചെക് നല്‍കിയെങ്കിലും അപകടം മണത്ത് പിന്നീട് പണമായി വാങ്ങുകയായിരുന്നു. മൂന്നുലക്ഷം രൂപ ഇരുവരും ചേര്‍ന്ന് വീതിച്ചെടുത്തതായി പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ബാക്കി ആറ് ലക്ഷം രൂപ അപകടത്തില്‍ മരിച്ച സംഘടനാ പ്രവര്‍ത്തകന്‍െറ പേരില്‍ ക്ളബ് നിര്‍മിക്കാന്‍ ചെലവാക്കിയത്രേ. മറ്റൊരു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ വസ്തു ഉടമയില്‍നിന്ന് ഇരുപത്തഞ്ച് ലക്ഷം രൂപ വാങ്ങിയതായും വിവരമുണ്ട്. നാല്‍പത് ലക്ഷം രൂപയില്‍ തുടങ്ങിയ വിലപേശല്‍ ഒടുവില്‍ ഇരുപത്തഞ്ച് ലക്ഷത്തില്‍ ഒതുങ്ങുകയായിരുന്നു. നടപടികളെടുക്കാതിരിക്കാന്‍ റവന്യൂ അധികൃതര്‍ക്ക് ഇതിനെക്കാള്‍ നല്‍കിയതായാണ് വിവരം. കായലിനോട് ചേര്‍ന്ന ഭൂമി കൈവശപ്പെടുത്തിയാല്‍ മാത്രമേ ഭൂമാഫിയ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വികസനം പൂര്‍ണമാവൂ. മുന്നൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ഭൂമി വാങ്ങിയതെന്നാണ് ഉടമകള്‍ നാട്ടുകാരെ വിശ്വസിപ്പിച്ചത്. അതിനാല്‍തന്നെ തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍ ശബ്ദമുയര്‍ത്താതിരുന്നത്. എന്നാല്‍ വാങ്ങിയ വസ്തുവില്‍ വരാന്‍ പോകുന്ന പദ്ധതിയെകുറിച്ച് റവന്യൂ അധികൃതര്‍ക്കോ പഞ്ചായത്തിനോ അറിവില്ലത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.