സ്വകാര്യ ബസുകൾ തൽക്കാലം നിരത്തിലേക്കില്ല

*ഇന്ധന െചലവിലെ ഇളവും നികുതിയിളവും കിട്ടണമെന്ന് ആവശ്യം തൃശൂർ: ലോക്ഡൗണിൻെറ നാലാംഘട്ടത്തിൽ നിയന്ത്രണങ്ങളോടെ പൊതുഗതാഗതത്തിന് അനുമതിയായെങ്കിലും സ്വകാര്യ ബസുകൾ തൽക്കാലം നിരത്തിലിറങ്ങില്ല. പൊതുഗതാഗതവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകൾക്ക് സർക്കാർ നിർദേശമൊന്നും നൽകിയിട്ടില്ല. മാത്രവുമല്ല, നിലവിലെ സാഹചര്യത്തിൽ മാസങ്ങളായി നിർത്തിയിട്ടിരിക്കുന്ന ബസുകൾ പെട്ടെന്ന് നിരത്തിലിറക്കാനും കഴിയില്ല. വർക്ക് ഷോപ്പിലെത്തിച്ച് കാര്യക്ഷമത പരിശോധിക്കേണ്ടതുണ്ട്. രണ്ടര മാസത്തോളമായി സർവിസ് നടത്താതെയിരിക്കുന്ന ബസുകൾക്ക് ജിഫോം നൽകിയിരിക്കുകയാണ്. നികുതി, ഇൻഷൂറൻസ് അടക്കമുള്ളവ ഒഴിവായി കിട്ടണമെങ്കിൽ ഈ മാസം 30 പൂർത്തിയാക്കേണ്ടതുണ്ട്. ചുരുങ്ങിയ ദിവസം മാത്രം ശേഷിക്കേ സർവിസ് ആരംഭിച്ചാൽ ജിഫോം നൽകിയത് വെറുതെയാവും. സീറ്റും, നിൽക്കുന്നവരെയും കണക്കാക്കി 57 പേർക്കാണ് ബസുകൾ നികുതിയൊടുക്കുന്നത്. സാമൂഹിക അകലം പാലിച്ച് 24 പേരെ മാത്രം വെച്ച് സർവിസ് നടത്തിയാൽ, നേരത്തെ തന്നെ പ്രതിസന്ധിയിലുള്ള വ്യവസായത്തിന് താങ്ങാനാവില്ല. നേരിയ തോതിൽ നിരക്ക് വർധിപ്പിക്കുന്നതിനൊപ്പം, ഇന്ധന, റോഡ് നികുതികളിൽ ഇളവ് വരുത്തണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. യാത്രാനിരക്കിലെ വലിയ വർധനവ് യാത്രക്കാരെ അകറ്റും. അതിന് പകരമായി സർക്കാർ ഇളവുകൾ നൽകിയാൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നേൻ 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ നിർദേശം ലഭിച്ചാൽ സാമൂഹിക സേവന മേഖലയെന്നത് കൂടി കണക്കിലെടുത്ത് സർവിസിന് തയ്യാറാവും. എന്നാൽ അത് എങ്ങനെ വേണമെന്നതടക്കം ബസുടമകളുടെ സംയുക്ത വേദി ആലോചിക്കും. സർക്കാർ നിർദേശം കിട്ടുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഹംസ എരിക്കുന്നേൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.