ബ്ലോക്ക്​ പ്രസിഡൻറ്​ സ്​ഥാനം വിട്ടുനൽകിയില്ല; അന്തിക്കാട്ട്​ സി.പി.എം-സി.പി​.​െഎ ബന്ധം ഉലയുന്നു

അന്തിക്കാട്: ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.എമ്മിലെ പി.സി. ശ്രീദേവി പ്രസിഡൻറ് സ്ഥാനം രാജിവെക്കാത്തതിനെ തുടർന്ന് വൈസ് പ്രസിഡൻറ് സ്ഥാനവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനവും സി.പി.ഐ അംഗങ്ങൾ രാജിവെച്ചു. വൈസ് പ്രസിഡൻറായിരുന്ന പി.ബി. ഹരിദാസും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിരുന്ന മേനുജ പ്രതാപനുമാണ് തൽസ്ഥാനങ്ങൾ രാജിവെച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തിയ അംഗങ്ങൾ ബി.ഡി.ഒ ലീവിലായതിനെ തുടർന്ന് ജോയൻറ് ബി.ഡി.ഒ ഇൻ ചാർജ് അമ്മുക്കുട്ടിക്ക് തിങ്കളാഴ്ച രാജിക്കത്ത് നൽകുകയായിരുന്നു. സി.പി.ഐ ജില്ല എക്സിക്യൂട്ടീവിൻെറയും ബ്ലോക്ക് സബ് കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് രാജി. 2015ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് ഗ്രാമ, ബ്ലോക്ക്, ജില്ല പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ സംബന്ധിച്ച് എൽ.ഡി.എഫ് ധാരണ ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഉൾപ്പെടെ ജില്ലയിലെ ഇരുപത്തഞ്ചോളം ത്രിതല പഞ്ചായത്ത് സ്ഥാനങ്ങൾ ഇതിനകം കൈമാറിയിരുന്നു. കഴിഞ്ഞ തവണ പ്രസിഡൻറ് സ്ഥാനം വെച്ചുമാറിയിട്ടും ഇത്തവണ നാലു വർഷം പിന്നിട്ടും പ്രസിഡൻറ് സ്ഥാനം വിട്ടുനൽകിയില്ല. ഇതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ ധാരണ അംഗീകരിച്ചെങ്കിലും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം മാത്രം വിട്ടുനൽകാൻ സി.പി.എം തയ്യാറാകാത്തത് എൽ.ഡി.എഫ് ധാരണയോടും ജനാധിപത്യത്തോടുമുള്ള കടുത്ത വെല്ലുവിളിയായി മാത്രമേ കാണാനാകൂ എന്ന് സി.പി.ഐ ജില്ല കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് സബ് കമ്മിറ്റി കൺവീനറുമായ കെ.എം. ജയദേവൻ പറഞ്ഞു. ആനുപാതിക പ്രതിനിധ്യമനുസരിച്ച് 25 മാസക്കാലം പ്രസിഡൻറ് സ്ഥാനം സി.പി.ഐക്ക് അർഹതപ്പെട്ടതാണ്. ഇത് സംബന്ധിച്ച് സി.പി.ഐ ജില്ല നേതൃത്വം സി.പി.എം ജില്ല നേതൃത്വവുമായി ബന്ധപ്പെടുകയും ആവശ്യം ഉന്നയിച്ച് കത്ത് നൽകുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ധാരണ അനുസരിച്ച് ബ്ലോക്ക് പഞ്ചായത്തിലെ 13 വാർഡുകളിൽ സി.പി.ഐ മത്സരിച്ച അഞ്ച് വാർഡുകളിൽ വിജയം നേടിയപ്പോൾ സി.പി.എം മത്സരിച്ച എട്ട് വാർഡുകളിൽ ഏഴ് വാർഡുകളിൽ മാത്രമേ ജയിക്കാനായതെന്നും ഓർക്കുന്നത് നല്ലതാണെന്ന് സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരനും പറഞ്ഞു. സ്ഥാനങ്ങൾ സംബന്ധിച്ച് രണ്ടു പാർട്ടികളുടെയും ജില്ല സെക്രട്ടറിമാർ തമ്മിൽ സംസാരിച്ചാണ് ധാരണ ഉണ്ടാക്കിയത്. എന്നാൽ തനിച്ച് ഭൂരിപക്ഷം ഉണ്ട് എന്ന ന്യായം പറഞ്ഞ് സി.പി.എം പ്രസിഡൻറ് സ്ഥാനം കൈമാറാത്തത് മുന്നണി മര്യാദയുടെ നഗ്നമായ ലംഘനമാണെന്നും കെ.എം. ജയദേവൻ കുറ്റപ്പെടുത്തി. സി.പി.എം അഞ്ച് വർഷത്തേക്ക് പ്രസിഡൻറായി പ്രവർത്തിക്കാനാണ് തന്നോട് പറഞ്ഞതെന്നും അത് അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും മറ്റൊരു ധാരണയെ കുറിച്ചും അറിയില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സി.പി.എം നേതാവുമായ പി.സി. ശ്രീദേവി പറഞ്ഞു. പ്രസിഡൻറ് പദവി വിട്ടുനിൽകാത്തതിനെ ചൊല്ലി സി.പി.എം-സിപി.ഐ ബന്ധം ഉലച്ച മട്ടാണ്. 2010 ൽ അന്തിക്കാട് പഞ്ചായത്തിലും തർക്കം നിലനിന്നിരുന്നു. പ്രസിഡൻറ് സ്ഥാനം വിട്ടുനൽകാത്തതിൽ 2014ൽ വൈസ് പ്രസിഡൻറായിരുന്ന മാധവൻ രാജിവെച്ചിരുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും തമ്മിൽ ചർച്ച ചെയ്താണ് പ്രശ്നം രമ്യമായി പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.