സ്വയംഭരണ കോളജുകളുടെ അക്കാദമിക മികവ്​ പരിശോധിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണകോളജുകളിൽനിന്ന് പഠിച്ചിറങ്ങിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ അക്കാദമിക് മികവ് പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ വിളിച്ചുചേർത്ത സ്വയംഭരണ കോളജ് പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 19 സ്വയംഭരണ കോളജുകളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ അക്കാദമിക് നിലവാര പരിശോധനക്കുള്ള വിവരശേഖരണത്തിന് യോഗം സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. സ്വയംഭരണ കോളജുകൾ അനുവദിക്കുമ്പോൾ യു.ജി.സി ലക്ഷ്യം െവച്ചിരുന്നത് കുട്ടികളുടെ അക്കാദമിക് മികവായിരുന്നു. 2014ൽ ആണ് കോളജുകൾക്ക് സ്വയംഭരണപദവി കേരളത്തിൽ ലഭിച്ചത്. 2016ൽ ആദ്യ ബാച്ച് ബിരുദാനന്തര ബിരുദ വിദ്യാർഥികളും 2017ൽ ആദ്യബാച്ച് ബിരുദ വിദ്യാർഥികളും പഠനം പൂർത്തിയാക്കി. ഇവരിൽ എത്രപേർക്ക് തൊഴിൽ ലഭ്യമായി. തുടർപഠനങ്ങൾക്ക് ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളിൽ അവസരം ലഭിച്ചവർ, നെറ്റ്, പിഎച്ച്.ഡി തുടങ്ങിയ യോഗ്യതകൾ നേടിയവർ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചാണ് അക്കാദമിക് ഗുണനിലവാര പരിശോധന നടത്തുക. സ്വയംഭരണ കോളജുകളും സർവകലാശാലകളും തമ്മിലെ ബന്ധങ്ങൾ സംബന്ധിച്ച് നിയമങ്ങളിലുള്ള അവ്യക്തത പരിഹരിക്കുന്നതിന് സമഗ്ര നിയമനിർമാണം നടത്തും. ഒഴിഞ്ഞു കിടക്കുന്ന അധ്യാപക, അനധ്യാപക തസ്തികകളിലെ നിയമന കാര്യങ്ങളും യോഗം ചർച്ച ചെയ്തു. യോഗത്തിനെത്തിയ സ്വയംഭരണ കോളജുകളുടെ മേധാവികൾ കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. കൂടുതൽ കോഴ്സുകൾ തുടങ്ങുന്നതിന് അനുമതി വേണമെന്ന ആവശ്യവും ഉയർന്നു. സ്വയംഭരണ കോളജുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിന് മന്ത്രി ചെയർമാനായ ഓട്ടോണമസ് അപ്രൂവൽ കമ്മിറ്റി 31ന് ചേരും. സ്വയംഭരണകോളജുകളുള്ള സർവകലാശാലകളിലെ വി.സിമാർ ഈ സമിതിയിലെ അംഗങ്ങളാണ്. യോഗത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിത വി. കുമാർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം സെക്രട്ടറി ഡോ. രാജൻ വർഗീസ്, സ്വയംഭരണ കോളജ് മാനേജ്മൻെറ് കൺസോർട്യം സെക്രട്ടറി ഫാ. റോയി എബ്രഹാം എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.