കെ.വി.ഉണ്ണി: തീ പടർത്തിയ യൗവനം; തീക്കനൽ പോലെ ജ്വലിച്ച വാർധക്യം

ഇരിങ്ങാലക്കുട: കേരള നവോത്ഥാന പ്രസ്ഥാനത്തി​െൻറ തുടക്കക്കാരിൽ പ്രമുഖനാണ് ഇന്നലെ നിര്യാതനായ കെ.വി. ഉണ്ണി. ആളിക്കത്തിയ യൗവനവും തീക്കനൽ പോലെ ജ്വലിച്ച വാർധക്യവുമായിരുന്നു അദ്ദേഹത്തിേൻറത്. അന്തിക്കാട് കഴിഞ്ഞാല്‍ കേരളത്തിലെ പ്രധാന ചെത്തുതൊഴിലാളി യൂനിയനായ ഇരിങ്ങാലക്കുട ചെത്തുതൊഴിലാളി യൂനിയന്‍ സംഘടിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഇദ്ദേഹം അന്തരിക്കുന്ന സമയം വരെ അതി​െൻറ പ്രസിഡൻറായിരുന്നു. തീണ്ടലിനെതിരെ 1946 ജൂണ്‍ 23ന് നടന്ന കുട്ടംകുളം സമരത്തിൽ വഹിച്ച പങ്കാണ് അദ്ദേഹത്തെ ഇതിഹാസ തുല്യനാക്കുന്നത്. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിട്ടും പഴയ കൊച്ചിരാജ്യത്തി​െൻറ ഭാഗമായ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആരാധാന സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും വിലക്കിയിരുന്നു. ക്ഷേത്രത്തിന് മുന്നിലെ കുട്ടംകുളം റോഡില്‍ ജില്ല മജിസ്‌ട്രേറ്റി​െൻറ ഒരു തീണ്ടല്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനെതിരെ സമരം തീരുമാനിച്ചു. പാര്‍ട്ടി നേതാക്കളായ പി.കെ. കുമാരന്‍, പി.കെ. ചാത്തന്‍ മാസ്റ്റര്‍, കെ.വി.കെ. വാര്യര്‍, പി. ഗംഗാധരന്‍ ഉള്‍പ്പടെയുള്ളവര്‍ നേതൃത്വം വഹിച്ച ഈ സമരത്തിൽ എസ്.എന്‍.ഡി.പിയും കെ.പി.എം.എസും കൈകോര്‍ത്തു. അയ്യങ്കാവ് മൈതാനത്ത് ചേര്‍ന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തില്‍ പി. ഗംഗാധര​െൻറ ആഹ്വാനപ്രകാരം കുട്ടംകുളം റോഡിലേക്ക് സമരഭടന്‍മാര്‍ പ്രവേശിച്ചു. സജ്ജമാക്കി നിർത്തിയിരുന്ന വന്‍ പൊലീസ് സന്നാഹം ഭേദിച്ച് മുന്നേറിയ സമര ഭടന്മാരെ പൊലീസ് മര്‍ദിച്ചു. ഉണ്ണിയേയും ഗംഗാധരനേയും വിളക്കുകാലില്‍ കെട്ടി രാത്രിവരെ മര്‍ദിച്ച് പിന്നീട് ലോക്കപ്പില്‍ അടച്ചു. പനമ്പിള്ളി രാഘവമേനോന്‍ തിരുക്കൊച്ചി പ്രധാനമന്ത്രിയായ ശേഷമാണ് കേസ് അവസാനിപ്പിച്ചത്. കമ്യൂണിസ്റ്റ് നേതാവ് കെ.വി.കെ. വാര്യരാണ് ഉണ്ണിയെ പാര്‍ട്ടി പ്രവര്‍ത്തകനാക്കുന്നത്. തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചാണ് അദ്ദേഹം ട്രേഡ് യൂനിയന്‍ രംഗത്തേക്ക് കടന്നത്. അന്ന് അത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനമായിരുന്നു. നടവരമ്പിലെ ഓട് നിർമാണ തൊഴിലാളി യൂനിയന്‍, ഇരിങ്ങാലക്കുട പീടിക തൊഴിലാളി യൂനിയന്‍ എന്നിവയും സംഘടിപ്പിച്ചു. 1956 മുതല്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലത്ത് ഒളിവിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.