കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ചാർജറുമായി ഇഗ്​നേഷ്യസ്

തൃശൂർ: പ്രളയവുമായി ബന്ധപ്പെട്ട് ദുരന്തകഥകൾ മാത്രം കേട്ടുകൊണ്ടിരുന്നവർക്ക് ഒരു സന്തോഷവാർത്ത. വൈദ്യുതി ഇല്ലാത്തതുകൊണ്ട് ഫോൺ ചാർജ് ചെയ്യാൻ കഴിയാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്ന കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് കുരിയച്ചിറ സ്വദേശി ഇഗ്നേഷ്യസ്. ഇൗ ഉപകരണം നാല് മിനിറ്റ് കൈകൊണ്ടു തിരിച്ച് 15 മിനിറ്റ് നേരം കണക്ട് ചെയ്താൽ മൊബൈൽ ഫോണിൽ ഫുൾ ചാർജ് ആകും. യന്ത്രത്തിന് ഹാൻഡ് ജനറേറ്റർ ചാർജർ എന്നാണ് ഇഗ്നേഷ്യസ് നൽകിയിരിക്കുന്ന പേര്. ഇതേ രീതിയിൽ എൽ.ഇ.ഡി വിളക്കും റേഡിയോയും എല്ലാം പ്രവർത്തിപ്പിക്കാം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുക പതിവാണ്. അത്തരം സന്ദർഭങ്ങളിൽ ഹാൻഡ് ജനറേറ്റർ ചാർജർ ഉപകരിക്കും. ഈ ഉപകരണം വികസിപ്പിച്ചെടുക്കാൻ ഇഗ്നേഷ്യസിന് 4,000 രൂപയാണ് ചെലവ് വന്നത്. വ്യാവസായിക അടിസ്ഥാനത്തിലാണെങ്കിൽ കുറഞ്ഞചെലവിൽ ഹാൻഡ് ജനറേറ്റർ ചാർജർ നിർമിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹത്തി‍​െൻറ പ്രതീക്ഷ. എന്നാൽ പേറ്റൻറ് എടുക്കാനുള്ള പണച്ചെലവ് താങ്ങാൻ കഴിയാത്തതിനാൽ ഇഗ്നേഷ്യസ് അതിന് ശ്രമിക്കുന്നില്ല. പ്രളയസമയത്ത് ചാലക്കുടിയിൽ പുഴ വഴിമാറിയൊഴുകി ഇഗ്നേഷ്യസി‍​െൻറ ബന്ധു കെട്ടിടത്തിന് മുകളിൽ മൂന്ന് ദിവസം കുടുങ്ങി. അവിടെ ഉണ്ടായിരുന്നവരുടെ മൊബൈൽ ഫോണിലെ ചാർജ് തീർന്നതോടെ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് ഹെലികോപ്റ്ററിൽ ആണ് ഇവരെ രക്ഷപ്പെടുത്തിയത്. ഈ അനുഭവമാണ് ഇത്തരത്തിലൊരു ഉപകരണം വികസിപ്പിക്കാൻ മൈക്കുസെറ്റ് വാടകക്ക് നൽകി ഉപജീവനം കഴിയുന്ന ഇഗ്നേഷ്യസിനെ പ്രേരിപ്പിച്ചത്. ഉപകാരങ്ങൾ ഏറെയുള്ള ചെറു ഉപകരണങ്ങൾ ഇഗ്നേഷ്യസ് മുമ്പും വികസിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.