ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുവായൂരിൽ വിവാഹത്തിരക്ക്​

ഗുരുവായൂർ: ഹര്‍ത്താല്‍ ദിനത്തില്‍ വിവാഹത്തിരക്കിലമർന്ന് ക്ഷേത്രനഗരി. 137 വിവാഹമാണ് തിങ്കളാഴ്ച ക്ഷേത്രസന്നിധിയിൽ നടന്നത്. നാനൂറോളം കുട്ടികളുടെ ചോറൂണും നടന്നു. ചിങ്ങമാസത്തിലെ തിങ്കളാഴ്ചയിലെ ഉത്രം നക്ഷത്രം വിവാഹത്തിന് ശുഭകരമാണെന്ന് വിശ്വാസമുണ്ട്. പ്രളയകാലത്ത് മാറ്റിവെച്ച പല വിവാഹങ്ങളും ഈ ദിവസമാണ് നിശ്ചയിച്ചിരുന്നത്. വിവാഹം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നടത്തിയെങ്കിലും പലരും വിവാഹ വിരുന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഉച്ചവരെ നഗരം തിരക്കിലമര്‍ന്നു. വിവാഹാവശ്യത്തിനെത്തിയവരുടെ വാഹനങ്ങള്‍ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ഞായറാഴ്ച രാത്രി തന്നെ നഗരത്തില്‍ തിരക്ക് തുടങ്ങിയിരുന്നു. ഹർത്താൽ ഭയന്ന് തലേന്നു തന്നെ എത്തിയവരായിരുന്നു കൂടുതൽ. ലോഡ്ജുകളും റസ്റ്റ് ഹൗസുകളും നിറഞ്ഞുകവിഞ്ഞതിനാല്‍ പലരും ക്ഷേത്രസന്നിധിയിലാണ് രാത്രി കഴിച്ചുകൂട്ടിയത്. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞ് വാഹനങ്ങള്‍ റോഡരികിൽ പാർക്ക് ചെയ്യുന്ന അവസ്ഥയായിരുന്നു. ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടന്നു. ദർശനത്തിനെത്തിയ ഭക്തർക്ക് ക്ഷേത്രത്തിലെ പ്രസാദഊട്ടായിരുന്നു ആശ്രയം. പ്രസാദ ഊട്ടിന് വൻ തിരക്കായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.