കസവി​െൻറ തിളക്കമല്ല; കുത്താമ്പുള്ളിക്കിത്​ കണ്ണീർപ്പാഠം

തിരുവില്വാമല: തറികളെ പ്രളയം വിഴുങ്ങിയിെല്ലങ്കിലും പ്രളയമടങ്ങിയിട്ടും കുത്താമ്പുള്ളി കരയുകയാണ്. ഒാണത്തിനു മുമ്പ് നെയ്ത് അയച്ച കോടിക്കണക്കിനു രൂപയുടെ പട്ടു വസ്ത്രങ്ങൾക്ക് പണം കിട്ടാൻ ഇടയില്ലെന്ന യാഥാർഥ്യത്തി​െൻറ നടുക്കത്തിലാണ് ഇൗ കസവു ഗ്രാമം. മലയാളിയുള്ള ഇടങ്ങളിലെല്ലാം പ്രസിദ്ധിയെത്തിയ കുത്താമ്പുള്ളി പട്ടി​െൻറ പ്രധാന വ്യാപാരം ഒാണക്കാലത്താണ്. ഓണം വിപണി ലക്ഷ്യമിട്ട് മാസങ്ങൾക്കു മുമ്പ് കുത്താമ്പുള്ളിക്കാർ നെയ്ത്തു തുടങ്ങും. ആയിരത്തോളം കുടുംബങ്ങളുണ്ട്, ഭാരതപ്പുഴയുടെ തീരത്തുള്ള ഇൗ ഗ്രാമത്തിൽ. നെയ്ത്തും അനുബന്ധ ജോലികളുമായി നാലായിരത്തോളം പേർ ഉപജീവനം കഴിക്കുന്നു. ഓണ വിപണിയിലേക്ക് കോടിക്കണക്കിനു രൂപയുടെ പട്ടുവസ്ത്രങ്ങളാണ് ഒാേരാ വർഷവും നെയ്തെടുക്കുന്നത്. ഇത്തവണയും കാര്യങ്ങൾ കൃത്യമായി നീങ്ങി. മഴയും വെള്ളപ്പൊക്കവും എത്തുന്നതിനു മുമ്പ് നെയ്ത്ത് പൂർത്തിയാക്കിയിരുന്നു. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലേക്ക് പട്ടുവസ്ത്രങ്ങൾ കയറ്റിയയക്കുകയും ചെയ്തു. എന്നാൽ, ചരക്കെടുത്ത പകുതിയിലധികം വ്യാപാര സ്ഥാപനങ്ങളും പ്രളയത്തിൽ മുങ്ങി. പലരും പെരുവഴിയിലുമായി. ഇറക്കിയ തുണിത്തരങ്ങൾ വ്യാപാര സ്ഥാപനത്തിലും ഗോഡൗണിലും നശിച്ചു. കുത്താമ്പുള്ളിയിൽ ഏതാണ്ടെല്ലാ നെയ്ത്ത് സ്ഥാപനങ്ങളും ബാങ്കിൽനിന്ന് വൻതുക ഓവർ ഡ്രാഫ്റ്റ് എടുത്താണ് ഓണക്കച്ചവടത്തിന് വസ്ത്രങ്ങൾ ഒരുക്കുന്നത്. ചരക്ക് വിറ്റ് പണം വരുേമ്പാഴാണ് തിരിച്ചടക്കുന്നത്. എന്നാൽ, ഇത്തവണ കൊടുത്ത തുണിക്ക് നാലിലൊന്നു പണംപോലും കിട്ടിയില്ല. പലർക്കും കിട്ടുമെന്ന് ഉറപ്പുമില്ല. ബാങ്കിൽ പണമടക്കാനാവുന്നില്ല. ജോലിക്കാർക്ക് കൂലി കൊടുക്കാൻ പോലും കടം വാങ്ങേണ്ടിവന്നു. തമിഴ്‌നാട്ടിൽനിന്ന് കസവ് നൂലുകൾ വാങ്ങിയ വകയിലുള്ള ബാധ്യത വേറെ. കുത്താമ്പുള്ളിയിൽ ഓണത്തിന് ശേഷം തറികൾ ചലിച്ചിട്ടില്ല. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് ആർക്കും നിശ്ചയമില്ല. പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കായി അര കോടിയിലധികം രൂപയുടെ വസ്ത്രങ്ങളും മറ്റും ഇവർ എത്തിച്ചിരുന്നു. കൂടാതെ, തമിഴ്‌നാട്ടിൽനിന്നും സമാഹരിച്ചു നൽകുകയും ചെയ്തു. ഇപ്പോൾ, സ്വന്തം നിലനിൽപ്പ് ചോദ്യചിഹ്നമായി നിൽക്കുകയാണ്, കൊച്ചി രാജാവി​െൻറ ഉടയാടകൾ നെയ്യാൻ അഞ്ചു തലമുറ മുമ്പ് കർണാടത്തിൽനിന്നും വന്ന ദേവാംഗരുടെ ഇൗ പിന്മുറക്കാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.