തൃശൂർ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ഉൽസവബത്തയിൽ നിന്ന് പിടിച്ച നാല് കോടി രൂപ ദുരിതാശ്വാസ ഫണ്ടിലെത്തിയില്ല. നാൽപ്പതിനായിരത്തോളം വരുന്ന പെൻഷൻകാർക്ക് അനുവദിക്കുന്ന ആയിരം രൂപ ഉൽസവബത്തയാണ് പെൻഷൻകാരും സർക്കാറും അറിയാതെ കെ.എസ്.ആർ.ടി.സി വകമാറ്റിയത്. സർക്കാർ ജീവനക്കാർ ഓണക്കാല ഉൽസവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ പെൻഷൻകാരുടെ വിഹിതം വാങ്ങാൻ തീരുമാനിച്ചിരുന്നില്ല. ഉൽസവബത്ത ലഭിക്കാഞ്ഞതിനെ തുടർന്ന് പെൻഷൻകാർ അന്വേഷിച്ചപ്പോഴാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയെന്ന് അറിഞ്ഞത്. ഇതോടെ സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ വഴി നടത്തിയ അന്വേഷണത്തിൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടില്ലെന്ന് വ്യക്തമായി. വിവരം സി.പി.എം സംസ്ഥാന സെക്രട്ടറിയെയും, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനെയും അറിയിച്ചതായി നേതാക്കൾ പറഞ്ഞു. മറ്റ് സർവിസ് പെൻഷൻകാരേക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമാണ് കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ലഭിക്കുന്നത്. താളംതെറ്റി കിടന്നിരുന്ന കെ.എസ്.ആർ.ടി.സിയിലെ പെൻഷനും ശമ്പളവും ചെയർമാനായി ചുമതലയേറ്റ ടോമിൻ തച്ചങ്കരിയുടെ ഇടപെടലിനെ തുടർന്ന് മുടക്കമില്ലാതെ ലഭിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയാണ് പെൻഷൻകാരുടെ അലവൻസുകളും അറിയിപ്പുകളില്ലാതെ പിടിച്ചത്. പ്രളയ ദുരിതാശ്വാസത്തിനായി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആദ്യഗഡുവായി മൂന്ന് ലക്ഷം കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.