ചാവക്കാട്: തീരദേശത്ത് ഏറ്റവും തിരക്കുള്ള എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യക്ഷപ്പെട്ട നോട്ടീസ് ബോർഡ് കണ്ട് തിങ്കളാഴ്ച ചികിത്സ തേടി എത്തിയവരെല്ലാം അമ്പരന്നു. 'ഇന്ന് ഡോക്ടർമാർ ഉണ്ടായിരിക്കില്ല' എന്ന ബോർഡാണ് പുന്നയൂർ പഞ്ചായത്തിെൻറ കീഴിലുള്ള ആശുപത്രിയുടെ പ്രധാന കവാടത്തിനു മുന്നിൽ അധികൃതർ സ്ഥാപിച്ചത്. മൂന്ന് ഡോക്ടർമാരുടെ സേവന വാഗ്ദാനവുമായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രത്തിൽ ഇങ്ങനെയൊരു ബോർഡ് പ്രത്യക്ഷപ്പെട്ടതാണ് പലരെയും കുഴക്കിയത്. ബോർഡിൽ വ്യക്തമാക്കിയത് പോലെ ഹർത്താൽ ദിനത്തിൽ ഡോക്ടർമാർ ആരും ആശുപത്രിയിൽ എത്തിയില്ല. ഹർത്താലയതിനാൽ തൃശൂരിൽ നിന്ന് എത്താൻ ഒരു ഡോക്ടർക്കായില്ലെന്നും ബന്ധുവിെൻറ മരണമാണ് മറ്റൊരു ഡോക്ടർക്ക് എത്താൻ കഴിയാത്തതിെൻറ കാരണമെന്നുമാണ് ആശുപത്രി അധികൃതർ വിശദീകരിച്ചത്. ഹർത്താൽ കാരണം ഇവിടെയുള്ള ആയുർവേദ, ഹോമിയോ വിഭാഗം ഡോക്ടർമാരും തിങ്കളാഴ്ച പരിശോധനക്കെത്തിയില്ല. പുന്നയൂർ പഞ്ചായത്തിെൻറ തൊട്ട് കിഴക്കുള്ള ഗുരുവായൂർ നഗരസഭയിലെ താമരയൂരിൽ എലിപ്പനി ബാധിച്ച് ഞായറാഴ്ച വയോധികൻ മരിച്ചിരുന്നു. എടക്കഴിയൂർ ആരോഗ്യകേന്ദ്രത്തിൽ നിന്ന് അഞ്ച് കിലോമീറ്ററോളം മാത്രം അകലെയാണ് പൂക്കോട് മേഖലയിലെ താമരയൂർ. ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കേണ്ട നേരത്താണ് ഡോക്ടർമാരുടെ അഭാവം അനുഭവപ്പെടുന്നത്. ചാവക്കാട് ബ്ലോക്കിലെ ഏക കുടുംബാരോഗ്യ കേന്ദ്രമാണിത്. കുടുംബാരോഗ്യ കേന്ദ്രമാക്കിയതോടെ മൂന്ന് ഡോക്ടർമാരുടെ സേവനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാവിലെ മുതൽ ഉച്ചവരെ ഒരു ഡോക്ടർ, അതുകഴിഞ്ഞ് വൈകുന്നേരം ആറ് മണിവരെ ഒരു ഡോക്ടർ, മറ്റൊരു ഡോക്ടർ വിവിധയിടങ്ങളിലെ സബ് സെൻററുകളിൽ എന്ന രീതിയിലാണ് മൂന്ന് ഡോക്ടർമാരെ നിയോഗിച്ചിട്ടുള്ളത്. എന്നാൽ മന്ത്രി പ്രഖ്യാപിച്ച മൂന്ന് ഡോക്ടർമാരിൽ ഒരാൾ ഈ മാസം ആദ്യം മുതൽ വരാറില്ല. മൂന്ന് ഡോക്ടർമാർക്കൊപ്പം മൂന്ന് സ്റ്റാഫ് നഴ്സുമാരെയും നിയോഗിച്ചിരുന്നു. ഇവരിൽ രണ്ടുേപരും ഇപ്പോഴില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.