പ്രളയം തകർത്തത് 200ലേറെ വ്യാപാര സ്ഥാപനങ്ങളെ ദുരിതത്തിൽനിന്ന് കരകയറാൻ ​ക്ലേശിച്ച്​ മാളയിലെ വ്യാപാരമേഖല

മാള: കനത്ത ദുരിതത്തിൽനിന്ന് കരകയറാൻ ക്ലേശിച്ച് മാള ടൗൺ. 200ലേറെ വ്യാപാര സ്ഥാപനങ്ങളിലേക്കാണ് മാള ചാൽ വഴിയെത്തിയ പുഴ ഇരച്ചുകയറിയത്. കോടികളുടെ നഷ്ടം സംഭവിച്ചു. പെരുന്നാൾ, ഓണം വിപണി ലക്ഷ്യമിട്ടെത്തിയവയെല്ലാം പ്രളയമെടുത്തു. തകർന്ന സ്ഥാപനങ്ങൾ വീണ്ടും പുനഃപ്രവർത്തനമാരംഭിക്കാൻ തീവ്ര ശ്രമത്തിലാണ് കച്ചവടക്കാർ. വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂനിറ്റ് 100 സ്ഥാപനങ്ങൾക് അഞ്ചു ലക്ഷം നൽകിയതു മാത്രമാണ് ഇവർക്ക് ലഭിച്ച സഹായം. സ്ഥാപനങ്ങളുടെ ശുചീകരണം പൂർത്തിയായിട്ടുണ്ട്. പെയിൻറിങ്ങും അനുബന്ധ ജോലികളുമാണ് നടക്കുന്നത്. തൊഴിലാളികൾക്ക് കൂലി നൽകുന്നതിനും മരാമത്ത് വസ്തുക്കൾ വാങ്ങുന്നതിനും ഭൂരിഭാഗം പേരും വലയുകയാണ്. രണ്ടുതവണ സമിതി സർക്കാർ ഉദ്യോഗസ്ഥരുമായി യോഗം നടന്നു. ചാലക്കുടിയും മാളയുമാണ് അടിയന്തര പരിഗണനയിലുള്ളത്. ടൗണിൽ പുഴകയറി ഷട്ടറുകൾ തകർന്നവയാണ് ഇവയിൽ കൂടുതൽ ദുരിതം ഏറ്റുവാങ്ങിയത്. ഫെഡറൽ ബാങ്ക്, എസ്.ബി. ഐ എന്നിവയും ഏതാനും സ്ഥാപനങ്ങളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നവരത്ന ഹൈപ്പർമാർക്കറ്റ്, വിവിധ സ്വർണക്കടകൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവയിലെല്ലാം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചെറുകിടക്കാർക്ക് ആഘാതത്തിൽനിന്ന് കരകയറുന്നതിനു പലിശക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സർക്കാർ സഹായം വൈകുന്നതാണ് കാരണം. വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാതെ വന്നാൽ പട്ടിണിയിലേക്ക് നീങ്ങുന്നവരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.