ആകെയുള്ള സമ്പാദ്യമായ കൂരയും പ്രളയമെടുത്തു വേലായുധന് തിരിച്ചു കിട്ടിയത് ജീവൻമാത്രം

കയ്പമംഗലം: പ്രളയത്തില്‍ കാക്കാത്തിരുത്തി എല്‍.ബി.എസ് കോളനി നിവാസി കുഞ്ഞാണ്ടിവീട്ടില്‍ വേലായുധന് നഷ്ടപ്പെട്ടത് ആയുസ്സിൽ ആകെയുള്ള സമ്പാദ്യമായ കൂര. 71 വയസ്സിനിടെ ആകെയുള്ള സമ്പാദ്യം മേല്‍ക്കൂരയടക്കം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുണ്ടാക്കിയ കൂരയാണ്. മകന്‍ ഷാജിയോടൊപ്പമായിരുന്നു ഇവിടെ താമസം. കൂര പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയെന്നു മാത്രമല്ല, രക്ഷാപ്രവര്‍ത്തകരുടെ വഞ്ചികള്‍ പോലും സഞ്ചരിച്ചത് ഇതിനു മുകളിലൂടെയാണ്‌. കെട്ടിയുണ്ടാക്കിയ അടുക്കളയും വീടി​െൻറ പിന്‍ഭാഗവും പൂര്‍ണമായി ഒലിച്ചുപോയി. വീടിനകത്തെ മരത്തൂണില്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി കെട്ടിവെച്ച വസ്ത്രങ്ങള്‍ നനഞ്ഞു കുതിര്‍ന്നെങ്കിലും തിരിച്ചു കിട്ടി. 26 വര്‍ഷമായി താമസിക്കുന്ന വീടി​െൻറ മേല്‍ക്കൂര മുഴുവന്‍ ഓട്ട വീണ അവസ്ഥയിലാണ്. ചളിങ്ങാട് അഗസ്തേശ്വരം ക്ഷേത്രത്തിന് സമീപം മുടിവെട്ട് കടയിലായിരുന്നു ഇദ്ദേഹം തൊഴിലെടുത്തിരുന്നത്. 55 വര്‍ഷം പണിയെടുത്തെങ്കിലും രോഗങ്ങള്‍ മാത്രമാണ് നേട്ടം. നിരവധി തവണ വീടിനും മറ്റും പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പ്രളയാനന്തര കണക്കെടുപ്പില്‍ ഒരു വീടുണ്ടാക്കാന്‍ സര്‍ക്കാര്‍ കനിയുമെന്നാണ് വേലായുധ​െൻറ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.