നായരങ്ങാടിയിൽ മാലിന്യം കത്തി നാട്ടുകാരുടെ ശ്വാസംമുട്ടുന്നു

വടക്കേക്കാട്: നായരങ്ങാടിയിൽ റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് തടയാൻ നാളേറെയായിട്ടും നടപടിയില്ല. രാത്രി കടകളിൽ നിന്ന് തള്ളുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യമാണ് രാവിലെ റോഡരികിലിട്ട് കത്തിക്കുന്നത്. പുലർച്ചെ ആേറാടെ തമിഴ് സ്ത്രീ തൊഴിലാളികളാണ് ഇവിടെ ശുചീകരിക്കാനെത്തുന്നത്. ഇവർക്ക് കച്ചവടക്കാർ പ്രതിഫലം നൽകുന്നുണ്ട്. വടക്കേക്കാട് പഞ്ചായത്ത് കാര്യാലയത്തിന് സമീപം മമ്മിയൂർ-കുണ്ടുകടവ് സംസ്ഥാന പാതയോരത്താണ് പതിവായി മാലിന്യക്കൂമ്പാരം കത്തിക്കുന്നത്. പുകഞ്ഞു തീരാൻ പലപ്പോഴും മണിക്കൂറുകളെടുക്കും. ഈ സമയത്ത് പരിസരമാകെ പുകയും ദുർഗന്ധവും പരക്കും. സ്ത്രീകളുൾപ്പെടെ ധാരാളം പേർ പ്രഭാത നടത്തത്തിന് ഇറങ്ങാറുള്ള പ്രദേശമാണിത്. പലർക്കും ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെടാറുള്ളതായി പറയുന്നു. രാവിലെ ചായ കുടിക്കാൻ വരുന്നവരും കടയിലിരുന്ന് വിഷവായു ശ്വസിക്കേണ്ടി വരുന്നു. മാരകരോഗങ്ങൾക്കിടയാകുമെന്നതുകൊണ്ട് പ്ലാസ്റ്റിക്കും റബറും ഉൾപ്പെടെയുള്ള മാലിന്യം പൊതുസ്ഥലത്ത് കത്തിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ 2016 ജൂണിൽ സർക്കാറിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഹൈകോടതി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് പൊതുസ്ഥലങ്ങളിൽ കത്തിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പരാതിയില്ലാതെ തന്നെ നടപടി സ്വീകരിക്കാൻ സർക്കാർ പൊലീസിന് അധികാരം നൽകി. നിയമങ്ങളുണ്ടെങ്കിലും നടപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ അലംഭാവം കാണിക്കുന്നതാണ് മാലിന്യം പൊതുനിരത്തിൽ കത്തിക്കൽ തുടരാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.