കോടാലിയിലും വെള്ളിക്കുളങ്ങരയിലും ജൂണ്‍ ഒന്നുമുതല്‍ ഗതാഗത പരിഷ്‌കാരം

കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി, വെള്ളിക്കുളങ്ങര, മൂന്നുമുറി എന്നിവിടങ്ങളില്‍ അടുത്തമാസം ഒന്നുമുതല്‍ ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്ര​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി യോഗം തീരുമാനിച്ചു. കോടാലി ടൗണില്‍ ഇപ്പോഴുള്ള ബസ് സ്റ്റോപ്പുകളുടെ എണ്ണം മൂന്നായി കുറക്കും. എല്‍.പി സ്‌കൂള്‍ ജങ്ഷന്‍, കപ്പേള, ആശുപത്രി എന്നീ ജങ്ഷനുകളിൽ മാത്രമാണ് ഇനി ബസുകള്‍ നിര്‍ത്തുക. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതി​െൻറ ഭാഗമായി കോടാലി ജങ്ഷനിലുള്ള ബസ് സ്‌റ്റോപ് നിര്‍ത്തലാക്കും. മോനൊടി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ നിലവിലുള്ള ഓട്ടോ സ്റ്റാൻഡിനടുത്ത് നിര്‍ത്തി ആളെ ഇറക്കും. ജങ്ഷനിലെ റോഡരികിലുള്ള പെട്ടി ഓട്ടോപാര്‍ക്കിങ് ആല്‍ത്തറ ജങ്ഷന് സമീപം പഞ്ചായത്ത് ടാക്‌സി സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലത്തേക്ക് മാറ്റാനും യോഗം തീരുമാനിച്ചു. മൂന്നുമുറി ഒമ്പതുങ്ങൽ ജങ്ഷനിലെ ബസ് സ്റ്റോപ് പഞ്ചായത്തോഫിസിന് സമീപത്തേക്ക് മാറ്റും. ചാലക്കുടി, കുറ്റിച്ചിറ, കോര്‍മല പ്രദേശങ്ങളില്‍ നിന്ന് വെള്ളിക്കുളങ്ങര ജങ്ഷനില്‍ വന്നു തിരിച്ചുപോകുന്ന ബസുകള്‍ ജൂണ്‍ ഒന്നുമുതല്‍ വെള്ളിക്കുളങ്ങര മാവിന്‍ചുവട് ജങ്ഷന്‍ വരെ വന്നു തിരിച്ചുപോകും. വെള്ളിക്കുളങ്ങര ജങ്ഷനില്‍നിന്ന് കൊടകര ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ് ഏതാനും മീറ്റര്‍ മുന്നോട്ട് മാറ്റി സ്ഥാപിക്കും. കോടാലി, വെള്ളിക്കുളങ്ങര അടക്കമുള്ള പ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി വ്യാപാരികള്‍, ബാങ്ക് അധികൃതര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കും. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എസ്. പ്രശാന്ത്, ലൈല ബഷീര്‍, സെക്രട്ടറി ടി.ജി. ഗോപകുമാര്‍, വെള്ളിക്കുളങ്ങര എസ്.ഐ എസ്.എല്‍.സുധീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി, വെള്ളിക്കുളങ്ങര യൂനിറ്റുകളുടെ ഭാരവാഹികള്‍, പൊതുമരാമത്ത്, കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ബസ് - ഓട്ടോ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.