നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് റോഡ് വികസനം

ആമ്പല്ലൂര്‍: തൃക്കൂര്‍ മുട്ടന്‍സ് മുതല്‍ പാലക്കപറമ്പ് വരെയുള്ള റോഡ് വികസനം നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചതായി പരാതി. മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് അശ്രദ്ധമായി റോഡ് വീതി കൂട്ടുന്നതിനിടയില്‍ പൈപ്പുകള്‍ പൊട്ടുന്നതാണ് പ്രദേശത്തെ കുടിവെള്ള വിതരണത്തിന് തടസ്സമായത്. അഞ്ചുമാസമായി ഇഴഞ്ഞ് നീങ്ങുന്ന റോഡ് വികസനം മൂലം യാത്രാദുരിതത്തോടൊപ്പം കുടിവെള്ളവും കിട്ടാതായതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. നിരന്തരം പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും ശാശ്വത പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളില്‍ പൈപ്പ് പൊട്ടിയതോടെ തുടര്‍ച്ചയായി അഞ്ച് ദിവസം മേഖലയില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മുട്ടന്‍സ്, അത്താണി, പള്ളിയറ, മേക്കട്ടി എന്നിവിടങ്ങളിലുള്ള പൈപ്പ് കണക്ഷന്‍ എടുത്ത കുടുംബങ്ങളാണ് കുടിവെള്ളം ഇല്ലാതെ ദുരിതത്തിലായത്. അയ്യപ്പന്‍കുന്ന് ശുദ്ധജലപദ്ധതിയില്‍ നിന്നും തൃക്കൂര്‍ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പുകളാണ് റോഡ് നിര്‍മാണത്തിലെ അശ്രദ്ധമൂലം തകരുന്നത്. മൂന്ന് കോടി ചെലവഴിച്ചാണ് റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തുന്നത്. അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടിയോടെയാണ് റോഡ് മെക്കാഡം ടാറിങ് ചെയ്യുന്നത്. എന്നാല്‍ റോഡിനടിയിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റുന്ന നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ടാറിങ് പൂര്‍ത്തിയായതിന് ശേഷം പൈപ്പ് പൊട്ടിയാല്‍ തകരാര്‍ പരിഹരിക്കാൻ റോഡ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. പൈപ്പ് ലൈന്‍ സ്ഥാപിക്കാൻ 23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി വാട്ടര്‍ അതോറിറ്റി പഞ്ചായത്തിന് കൈമാറിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. റോഡ് വികസനം പൂര്‍ത്തിയാകുന്നതോടൊപ്പം പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.