പുന്നയൂര്‍ക്കുളം: പഞ്ചായത്ത് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നികത്തിയ തണ്ണീര്‍ തടങ്ങള്‍ പൂർവ സ്ഥിതിയിലാക്കാന്‍ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. പഞ്ചായത്ത് മേഖലയില്‍ നികത്തല്‍ നടക്കുന്ന തണ്ണീര്‍തടങ്ങളുടെ വിവരം ശേഖരിച്ചു തുടങ്ങിയെന്ന് വില്ലേജ് ഓഫിസര്‍ പി.വി. ഫൈസല്‍ പറഞ്ഞു. നിരോധന ഉത്തരവ് നല്‍കിയിട്ടും നികത്തിയ സ്ഥലങ്ങളാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുക. പഞ്ചായത്തിൽ പനന്തറ, നാക്കോല, ചെറായി, ചമ്മന്നൂര്‍, ആല്‍ത്തറ, നാലപ്പാട്ട് റോഡ് മേഖലയിലാണ് വ്യാപക നികത്തല്‍ നടക്കുന്നത്. നാക്കോലയിൽ ഭൂവുടമ സ്വമേധയ മണ്ണ് മാറ്റിയില്ലെങ്കില്‍ പൊലീസ് സംരക്ഷണത്തില്‍ മണ്ണ് എടുക്കും. നികത്തല്‍ സംബന്ധിച്ച് ലഭിച്ച എല്ലാ പരാതികളിലും നടപടി എടുത്തിട്ടുണ്ടെന്ന് ഫൈസൽ പറഞ്ഞു. അതേസമയം, മണ്ണ് മാഫിയക്കെതിരെ പൊലീസ് നടപടി എടുക്കാത്തതാണ് നികത്തല്‍ വ്യാപകമാകാന്‍ കാരണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നിലം നികത്തുന്നത് ഫോണില്‍ അറിയിച്ചപ്പോള്‍ അവധി ദിവസമായിട്ടും വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി. എന്നാല്‍, പരാതി രേഖാമൂലം നല്‍കിയിട്ടും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി കൈപ്പറ്റിയതിനുള്ള രസീതും പൊലീസ് നല്‍കിയില്ല. മണ്ണ് കടത്തുന്ന ലോറി പിടിച്ചെടുത്താല്‍ നികത്തല്‍ പ്രശ്‌നം പൂര്‍ണമായി അവസാനിക്കുമെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു. മണ്ണ് മറ്റൊരിടത്തേക്ക് മാറ്റുന്നതിന് ജിയോളജി വകുപ്പിെൻറ അനുമതി വേണമെന്നിരിക്കെ പൊലീസാണ് ഇവിടെ മൗനസമ്മതം മൂളുന്നത്. ഈ മണ്ണാണ് തണ്ണീര്‍തടങ്ങളും വയലും നികത്താനായി എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.