ചാലക്കുടിപ്പുഴയിൽ പ്ലാസ്​റ്റിക് മാലിന്യം നിറയുന്നു; പാറക്കെട്ടുകള്‍ക്കിടയിലും പുല്‍ക്കാടുകളിലും മാലിന്യം കുമിയുന്നു

ചാലക്കുടി: ചാലക്കുടിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ വിനോദ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വെല്ലുവിളിയാകുന്നു. അറവ് മാലിന്യം, കക്കൂസ് മാലിന്യം, വ്യവസായ മലിനീകരണം എന്നിവക്ക് പുറമെയാണ് പുഴയില്‍ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നവും രൂക്ഷമാവുന്നത്. പുഴയിലെ പാറക്കെട്ടുകള്‍ക്കിടയിലും പുഴയോരത്തെ പുല്‍ക്കാടുകളിലും പ്ലാസ്റ്റിക് മാലിന്യം കൂട്ടമായി തങ്ങിനില്‍ക്കുകയാണ്. ഇവ പുഴയുടെ ഉപരിതലത്തില്‍ ഒഴുകുന്ന ദൃശ്യവും സാധാരണമാണ്. ഓരോ വര്‍ഷം കടന്നുപോകുന്തോറും ഈ പ്രവണത വര്‍ധിച്ചുവരുന്നതായാണ് അനുഭവം. സംസ്ഥാനത്തെ മറ്റു പുഴകളിലൊന്നും ഇത്ര ഗുരുതര അവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ചാലക്കുടിപ്പുഴ കേന്ദ്രീകരിച്ച് വിവിധ വിനോദസഞ്ചാര പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം. പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് നിയന്ത്രണമില്ലാതെ തുടർന്നാൽ വരുംകാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെടും. വിനോദസഞ്ചാരത്തിന് തിരക്കേറുന്ന വേനലിലാണ് പുഴയില്‍ ധാരാളമായി മാലിന്യം എത്തുന്നത്. ഷോളയാര്‍, പെരിങ്ങല്‍കുത്ത്, അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ, തുമ്പൂര്‍മുഴി എന്നിവയാണ് ചാലക്കുടിപ്പുഴയുടെ മുകള്‍ഭാഗത്ത് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഭാഗങ്ങള്‍. ഇവ കൂടാതെ അതിരപ്പിള്ളി ടൂറിസത്തി​െൻറ ഭാഗമായി പുഴയിലേക്ക് ചെറിയ വഴികളുമുണ്ട്. ഇവിടെയെല്ലാം ഓരോ ദിവസവും എത്തുന്ന സഞ്ചാരികള്‍ ഉപയോഗം കഴിഞ്ഞ കുടിവെള്ള കുപ്പികളും പൗച്ചുകളും കരയിലോ വെള്ളത്തിലോ അശ്രദ്ധമായി വലിച്ചെറിയുകയാണ്. പുഴയോരത്തും കടവുകളിലും ഇരുന്ന് മദ്യപിക്കുന്ന സാമൂഹികവിരുദ്ധര്‍ കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കുന്നതും പതിവാണ്. പുഴയോരത്തെ റിസോർട്ടുകളിലെ താമസക്കാരും പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതില്‍ ഒട്ടും പിന്നിലല്ല. മുന്‍കാലങ്ങളില്‍ മഴക്കാലത്ത് ചാലക്കുടിപ്പുഴയിലൂടെ തടികളും മരങ്ങളുമാണ് ഒലിച്ചെത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പ്ലാസ്റ്റിക് കുപ്പികളുടെ വലിയ കൂട്ടമാണ് ഒഴുകിയെത്തുന്നത്. പുഴയോരത്ത് പലപ്പോഴായി വലിച്ചെറിയുന്ന കുപ്പികള്‍ മഴക്കാലമാകുമ്പോള്‍ വെള്ളത്തില്‍ നിറഞ്ഞ് കവിഞ്ഞ് പുഴയിലൂടെ ഒഴുകുകയാണ്. 145.5 കി. മീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ കേരളത്തിലെ നീളം കൂടിയ നാലാമത്തെ നദിയാണ്. ഇതി​െൻറ കരയിലെ വിവിധ പഞ്ചായത്തുകളിലെ ലക്ഷക്കണക്കിന് പേരാണ് കൃഷിക്കും കുടിവെള്ളത്തിനുമായി പുഴയെ ആശ്രയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.