റെക്കോഡ് വേഗത്തിൽ എം.ബി.ബി.എസ് പരീക്ഷ ഫലപ്രഖ്യാപനം

തൃശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാല ഫെബ്രുവരി ഒന്നിന് നടത്തിയ അവസാന വർഷ എം.ബി.ബി.എസ് പാർട്ട് രണ്ട് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. അധ്യാപകരുടെയും സർവകലാശാല ജീവനക്കാരുടെയും കാര്യക്ഷമമായ പ്രവർത്തനമാണ് പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചക്കകം ഫല പ്രസിദ്ധീകരണം സാധ്യമാക്കിയത്. സംസ്ഥാനത്തെ 24 മെഡിക്കൽ കോളജുകളിലായി 2354 പേരാണ് പരീക്ഷ എഴുതിയത്. 2013 ൽ പ്രവേശനം നേടിയ റഗുലർ ബാച്ചിലെ 2025 വിദ്യാർഥികളിൽ 1831 പേർ വിജയിച്ചു. 98 ശതമാനം വിജയത്തോടെ മഞ്ചേരി മെഡിക്കൽ കോളജാണ് ഒന്നാം സ്ഥാനത്ത്. മുൻ വർഷങ്ങളിൽ മാർച്ചിൽ പരീക്ഷ നടത്തി ജൂണിൽ ഫലപ്രഖ്യാപനം നടത്തുകയാണ് പതിവ്. അതിനാൽ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷക്ക് പങ്കെടുക്കാൻ സാധിക്കില്ല. ഇൗ സാഹചര്യത്തിലാണ് 2013 ൽ പ്രവേശനം നേടിയവർക്ക് 2018 ഫെബ്രുവരി ഒന്നിന് പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചത്. തൃശൂരിലെ സർവകലാശാല ആസ്ഥാനത്തിനു പുറമെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവ. മെഡിക്കൽ കോളജുകളിലും മൂല്യ നിർണയ ക്യാമ്പുകൾ ഒരുക്കിയാണ് ഫലപ്രഖ്യാപനം വേഗത്തിലാക്കിയത്. പരീക്ഷ നടത്തിപ്പിന് അറുനൂറോളം അധ്യാപകരും മൂല്യനിർണയത്തിന് 525 അധ്യാപകരും നേതൃത്വം നൽകി. കാര്യക്ഷമമായ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സാധ്യമാക്കിയ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരെയും അധ്യാപകരെയും ജീവനക്കാരെയും വൈസ് ചാൻസലർ ഡോ.എം.കെ.സി. നായർ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.