പൂവാലിത്തോട് വറ്റി: കോപ്ലിപ്പാടം തടയണയിൽനിന്ന് വെള്ളമെത്തിക്കാന്‍ നടപടിയില്ല

കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ പൂവാലിത്തോട് വറ്റിയതോടെ മേഖലയിൽ ജലക്ഷാമം. വെള്ളിക്കുളം തോട്ടില്‍നിന്നോ കുറുമാലിപുഴയില്‍നിന്നോ പൂവാലിത്തോട്ടിലേക്ക് വെള്ളം എത്തിച്ച് വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. ഇഞ്ചക്കുണ്ട് മേഖലയില്‍ നിന്നുത്ഭവിച്ച് മാങ്കുറ്റിപ്പാടത്ത് വെച്ച് വെള്ളിക്കുളം വലിയ തോടുമായി ചേരുന്ന പൂവാലിത്തോട് മഴക്കാലത്ത് നിറഞ്ഞൊഴുകുകയും വേനല്‍ രൂക്ഷമാകുന്നതോടെ വറ്റിപ്പോകുകയും ചെയ്യും. പത്ത് കിലോമീറ്ററോളമുള്ള ഈ തോട്ടിലേക്ക് കുറുമാലിപ്പുഴയില്‍നിന്ന് വെള്ളമെത്തിച്ചാല്‍ മേഖലയിലെ ജലക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടും. ഇതിനായി പദ്ധതി ആവിഷ്‌കരിക്കണമെന്ന ആവശ്യമാണ് പരിഗണിക്കപ്പെടാതെ കിടക്കുന്നത്. കുറുമാലിപ്പുഴയിലെ കല്‍ക്കുഴി പ്രദേശത്തുള്ള ജലസേചന പദ്ധതിയിൽനിന്ന് ഇഞ്ചക്കുണ്ട് എരപ്പന്‍പാറയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് പൂവാലിത്തോടി​െൻറ ആരംഭസ്ഥാനത്ത് വെള്ളമെത്തിച്ചാൽ തോട് ജലസമൃദ്ധമാകും. തോട്ടിലെ മുരിക്കുങ്ങല്‍ പാലം, പൂവാലിത്തോട് പാലം എന്നിവിടങ്ങളില്‍ നിർമിച്ച തടയണകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്തിയാല്‍ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരും. പൂവാലിത്തോട് പാലത്തിന് സമീപം നിർമിച്ചിട്ടുള്ള തടയണയിലേക്ക് വെള്ളിക്കുളം തോട്ടിലെ കോപ്ലിപ്പാടം ക്രോസ് ബാറില്‍നിന്ന് വെള്ളം എത്തിക്കാനുള്ള സംവിധാനം നിലവിലുണ്ട്. തോട് കാടുപടിച്ച് കിടക്കുകയാണ്. പുല്ല് വളര്‍ന്നും മണ്ണ് വീണും നികന്നുപോയ നിലയിലുള്ള കൈത്തോട് പുനരുദ്ധരിച്ച് കോപ്ലിപ്പാടം ക്രോസ്ബാറില്‍നിന്ന് വെള്ളമൊഴുക്കിയാല്‍ പൂവാലിത്തോട് പാലത്തിന് സമീപത്തെ തടയണ നിറക്കാനും പരിസര പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനും സാധിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. കുറുമാലി പുഴയിലെ വെള്ളം പൂവാലിത്തോട്ടിലേക്ക് ഒഴക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.