സബ് ആർ.ടി ഓഫിസിന് മൈതാനം നാട്ടിക പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് മാർച്ച്

തൃപ്രയാർ: സബ് ആർ.ടി.ഒ ടെസ്റ്റിന് മൈതാനം അനുവദിക്കുകയും പിന്നീട് നിഷേധിക്കുകയും ചെയ്ത നാട്ടിക ഗ്രാമപഞ്ചായത്ത് തീരുമാനത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തി. ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് രണ്ട് എന്നൊരു ദിവസമുണ്ടെങ്കിൽ ഗതാഗത വകുപ്പ് മന്ത്രി തൃപ്രയാർ ആർ.ടി ഒാഫിസ് ഉദ്ഘാടനം ചെയ്യുമെന്നും നാട്ടികയിലെ മൈതാനത്ത് ടെസ്റ്റ് നടത്തുമെന്നും എം.എൽ.എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുവരുന്ന പ്രതിസന്ധി നേരിടാൻ പഞ്ചായത്ത് പ്രസിഡൻറ് തയാറാവേണ്ടിവരും. തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ നിർമിതികേന്ദ്രവും കെൽട്രോണുമാണ് ഒാഫിസ് നിർമാണം നടത്തികൊണ്ടിരിക്കുന്നത്. ആർ.ടി.ഒയേയും ജോ.ആർ.ടി.ഒയേയും നിയമിച്ചു. ഒാഫിസ് ആവശ്യങ്ങൾക്ക് വാഹനവും സജ്ജമാക്കിക്കഴിഞ്ഞു. ഏതാനും കായിക താരങ്ങളുടെ പേര് പറഞ്ഞാണ് നാട്ടികപഞ്ചായത്ത് പ്രസിഡൻറ് 30 വില്ലേജുകളിലേതുൾപ്പെടെ പൊതുജനങ്ങളുടെ ആവശ്യം നിഷേധിക്കുന്നത്. പൊതുവികസനത്തിന് പിന്തുണ നൽകാതെ പ്രസിഡൻറ് നാണം കെട്ട രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്നും ഗീത ഗോപി ആരോപിച്ചു. പി.ആർ. വർഗീസ് അധ്യക്ഷത വഹിച്ചു. പി.എം. അഹമ്മദ്, കെ.വി. പീതാംബരൻ, കെ.കെ. ശ്രീനിവാസൻ, സി.ആർ. മുരളീധരൻ, വി.വി. അശോകൻ, കെ.എം. കിഷോർ കുമാർ, ഐ.എ. റപ്പായി, യു.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.