തൃശൂർ: എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട്, കാമ്പസ്ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും ഓഫിസുകളിലും പൊലീസ് പരിശോധന. 70 പേരെ ചോദ്യം ചെയ്തു. ഓഫിസുകളിൽനിന്ന് ലഘുലേഖകളും സി.ഡിയും പിടിച്ചെടുത്തു. 156 വീടുകളിലും നാല് കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. ചാവക്കാട് തെക്കഞ്ചേരിയിലുള്ള ജില്ല ഓഫിസിൽനിന്ന് പ്രകോപനപരമായ ഉള്ളടക്കമുള്ള എട്ട് പുസ്തകങ്ങളും രണ്ടു സീഡിയും പിടിച്ചെടുത്തു. 10 നേതാക്കളുടെ പേരില്‍ കേസെടുത്തു. മുന്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടിയും പൊലീസ് ശക്തമാക്കി. കൊലപാതകം, കൊലപാതകശ്രമം എന്നിവയില്‍ ഉള്‍പ്പെട്ട 11 പേര്‍ക്കെതിരെയുള്ള കേസാണ് ശക്തമാക്കുന്നത്. ഇവര്‍ക്കെതിരെ ഗുണ്ടാനിയമമോ കാപ്പയോ ചുമത്താനാണ് ആലോചന. വിവിധ കേസുകളില്‍ അറസ്റ്റിലായ എസ്.ഡി.പി.ഐ നേതാക്കളുടെ ഭൂമിയിടപാടുകള്‍, ബാങ്കിടപാടുകള്‍, വിദേശയാത്രകള്‍ എന്നിവയും പരിശോധിക്കും. തീരദേശം കേന്ദ്രീകരിച്ചുള്ള കള്ളനോട്ട്, കുഴല്‍പണവിതരണ കേസുകളിലെ പങ്കാളിത്തം എന്നിവയും അന്വേഷിക്കും. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിർദേശമുണ്ട്. ആയുധശേഖരണം, ക്രിമിനലുകളുടെ ഒളികേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ച് പൊലീസ് രഹസ്യമായി അന്വേഷണം നടത്തുന്നുണ്ട്. സിറ്റി പരിധിയിലെ 24 സ്‌റ്റേഷനുകളിലും ഞായറാഴ്ച രാവിലെ മുതലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള പരിശോധന ആരംഭിച്ചത്. കമീഷണര്‍ യതീഷ്ചന്ദ്രയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന. പോപ്പുലർ ഫ്രണ്ട് ജില്ല കമ്മിറ്റി ഓഫിസിൽ റെയ്ഡ് ചാവക്കാട്: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ജില്ല കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തി. പത്ത് എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. സി.ഐ ജി. ഗോപകുമാർ, എസ്.ഐ പി.കെ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഞായറാഴ്ച രാവിലെ 11 ഓടെയാണ് തെക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന പാർട്ടി ഓഫിസിൽ റെയ്ഡ് നടത്തിയത്. ചില ലഘുലേഖകളും പ്രസിദ്ധീകരണളും പിടികൂടി. പരിശോധന രണ്ട് മണിക്കൂർ നീണ്ടു. ചാവക്കാട്, പാലയൂർ, കടപ്പുറം അഞ്ചങ്ങാടി, മാട്, എടക്കഴിയൂർ പഞ്ചവടി എന്നിവിടങ്ങളിലെ യുവാക്കളെയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.