ബ്ലാങ്ങാട് ബീച്ചി​െൻറ മുഖംമാറുന്നു; മറൈന്‍ ഡ്രൈവ് മാതൃകയിൽ പാത ഉടൻ

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് മുതല്‍ തിരുവത്ര പുത്തന്‍കടപ്പുറം വരെ തീരമേഖലയിൽ കൊച്ചിയിലെ മറൈന്‍ഡ്രൈവ് മാതൃകയിൽ പാതനിര്‍മാണത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനുള്ള ടെൻഡറിന് നഗരസഭ കൗൺസിൽ യോഗത്തിൽ അംഗീകാരമായി. മാസ്റ്റർപ്ലാൻ തയാറാക്കാൻ തിരുവനന്തപുരം ജിപ്ടാക് ഇൻറര്‍നാഷനൽ സമർപ്പിച്ച ടെൻഡറിനാണ് ചെയർമാൻ എൻ.കെ. അക്ബറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. ഇതേസ്ഥാപനം ചാവക്കാട് താലൂക്ക് ജനറൽ ആശുപത്രി നവീകരണത്തിനു തയാറാക്കി സമർപ്പിച്ച മാസ്റ്റർ പ്ലാനും അംഗീകരിച്ചു ദീര്‍ഘകാലമായി ശോച്യാവസ്ഥയിലായിരുന്ന ഒമ്പതാം വാര്‍ഡിലെ പൂക്കുളം നവീകരണത്തിനായി സര്‍ക്കാര്‍ ഹരിതം മിഷനില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ അനുവദിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. ചണ്ടിയും മാലിന്യവും നീക്കം ചെയ്യാനാണ് ഫണ്ട്. ഇതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി. പൂക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുൻ കൗണ്‍സിലര്‍ കെ.വി. സത്താറി​െൻറ നേതൃത്വത്തില്‍ വികസന സമിതി, ഗുരുവായൂര്‍ എയര്‍പോര്‍ട്ട് വികസന സമിതി ചെയര്‍മാന്‍ രവി പനക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 2013 മുതല്‍ നിരവധി നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പൂക്കുളം നവീകരണത്തിനായി 72 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ കഴിഞ്ഞ ഈ പദ്ധതി ഇപ്പോഴും സര്‍ക്കാറി​െൻറ പരിഗണനയിലാണ്. ഖരമാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) തയാറാക്കും. ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക അംഗീകരിച്ചു. സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത 318 പേരും ഭൂമി ഉണ്ടായിട്ടും ഭവനരഹിതരായ 22 പേരുമാണ് പട്ടികയിലുള്ളത്. സ​െൻറ് തോമസ് സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്ന പാലയൂര്‍ സ​െൻറ് തോമസ് ദേവാലയത്തിലേക്കുള്ള ജലഗതാഗതമാര്‍ഗം പുനരാവിഷ്‌കരിച്ച് ജലഗതാഗത ടൂറിസം വികസന പദ്ധതി നടപ്പാക്കണമെന്ന് കൗണ്‍സിലര്‍ വി.ജെ. ജോയ്‌സി ആവശ്യപ്പെട്ടു. ഇതിനായി കൈയേറ്റം ഒഴിപ്പിച്ച് കനോലി കനാലില്‍ നിന്ന് പാലയൂര്‍ ബോട്ടുകുളത്തിലേക്കുള്ള തോട് വീതികൂട്ടി വലിയ ബോട്ടുകള്‍ക്ക് പോകാന്‍ പര്യാപ്തമാക്കണം. പദ്ധതി ചാവക്കാടി​െൻറ ടൂറിസം മേഖലക്ക് പുതിയ മുഖച്ഛായ നല്‍കും. പദ്ധതി നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പെടുത്തി നഗരസഭ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജോയ്‌സി ആവശ്യപ്പെട്ടു. ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.സി. ആനന്ദന്‍, എ.എ. മഹേന്ദ്രന്‍, സഫൂറ ബക്കര്‍, കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി തുടങ്ങിയവരും കൗണ്‍സില്‍ അംഗങ്ങളും സൂപ്രണ്ട് പി.ജി. സുര്‍ജിത്ത്, അസി. എക്‌സി. എൻജിനീയര്‍ രേഖ പി. ആനന്ദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.