തൃശൂർ: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഇൗടാക്കിയ മൂന്ന് മാസത്തെ പ്രീമിയം തുക ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ അടച്ചില്ല. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ പ്രീമിയമാണ് കോർപറേഷന് കിട്ടാത്തത്. പ്രതിമാസ പ്രീമിയം തുക ലഭിക്കാതായപ്പോൾ എൽ.െഎ.സി ജീവനക്കാർക്ക് സന്ദേശം നൽകിയപ്പോഴാണ് ജീവനക്കാർ ഇക്കാര്യം അറിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് പോളിസി ഉടമകളുടെ മൊബൈലുകളിലേക്ക് പ്രിമീയം കിട്ടിയില്ലെന്ന സന്ദേശം എത്തിയത്. ട്രഷറി മുഖേനയാണ് എൽ.ഐ.സിക്ക് പണം നൽകുന്നത്. എൽ.ഐ.സി, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ് ഇൻഷുറൻസ് തുക പിടിച്ച ശേഷമാണ് ജീവനക്കാർക്ക് സ്പാർക്ക് വഴി ശമ്പളം ലഭിക്കുക. മൂന്ന് മാസവും ശമ്പളത്തിൽ നിന്ന് പണം പിടിച്ചിരുന്നു. പണം അടക്കുന്നത് ഒാൺലൈൻ മുഖേനയാക്കിയതാണ് പ്രശ്നമെന്നാണ് ട്രഷറി അധികൃതരുടെ വാദം. ഓൺലൈൻ മുഖേനയുള്ള സംവിധാനത്തിൽ സാങ്കേതിക തകരാർ വന്നതോടെ പഴയ സംവിധാനത്തിലേക്ക് അന്ന് തന്നെ തിരിച്ചുപോയിരുന്നു. ഇതനുസരിച്ച് ട്രഷറിയിൽ നിന്ന് എൽ.ഐ.സിക്ക് തുക അയച്ചതായി ട്രഷറി അധികൃതർ പറഞ്ഞു. എൽ.ഐ.സിയുടെ പിഴവാകാം പണം ലഭിക്കാത്തതിന് കാരണമെന്ന് ട്രഷറി അധികൃതർ കുറ്റപ്പെടുത്തുന്നു. ജില്ലയിൽ സർവേ, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരുടെ പോളിസി തുകയാണ് കൂടുതലായി ലഭിക്കാതിരുന്നത്. ചില ഓഫിസുകളിൽനിന്ന് ഒരാളുടെ പോലും തുക എൽ.ഐ.സിക്ക് ലഭിച്ചിട്ടില്ല. അതത് ഓഫിസുകളിലെ മേധാവിയാണ് ശമ്പള ബില്ലുകൾ തയാറാക്കി സബ് ട്രഷറികളിലേക്ക് കൈമാറുന്നത്. അവിടെ നിന്ന് ജില്ല ട്രഷറികളിലേക്ക് അത് കൈമാറുകയാണ് പതിവ്. കൂടുതൽ എളുപ്പത്തിന് വേണ്ടിയാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറാൻ തീരുമാനിച്ചത്. പ്രക്രിയകൾ ലളിതമാക്കാൻ വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. പക്ഷെ, തുടക്കത്തിലേ പിഴവ് സംഭവിച്ചതിനാൽ ആശങ്കയിലാണ് സർക്കാർ ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.