ഓണ്‍ലൈന്‍ പോക്കുവരവ് വില്ലേജ് ഓഫിസുകളിലൂടെയാക്കി; ആധാരം രജിസ്‌ട്രേഷന്‍ പ്രതിസന്ധിയിൽ

ചാവക്കാട്: ഓണ്‍ലൈന്‍ പോക്കുവരവ് വില്ലേജ് ഓഫിസുകളിലൂടെയാക്കണമെന്ന ജില്ല ഭരണകൂടത്തി​െൻറ ഉത്തരവ് ആധാരം രജിസ്‌ട്രേഷന്‍ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിലെ ആറ് താലൂക്കുകളിലെ 242 വില്ലേജ് ഓഫിസുകൾ ഓൺലൈൻ പോക്കുവരവിനും തണ്ടപ്പേര് കണക്ക് നൽകുന്നതിനും സജ്ജമാണെന്നാണ് ജില്ല ഓൺലൈൻ പോക്കുവരവ് നിർവാഹക സമിതി ചെയർമാൻ കൂടിയായ കലക്ടറുടെ ഉത്തരവിൽ പറയുന്നത്. െഫബ്രുവരി ഒന്നു മുതൽ സമഗ്ര ഓൺലൈൻ പോക്കുവരവ് ആരംഭിക്കണമെന്നും ഈ സംവിധാനം കീഴ് ഓഫിസുകളിലേക്ക് അറിയിക്കണമെന്നും ജില്ല രജിസ്ട്രാറോഫിസിലേക്ക് അയച്ച ഉത്തരവിൽ നിർേദശിക്കുന്നു. കഴിഞ്ഞ മുപ്പതിന് അയച്ച ഉത്തരവ് സബ്് രജിസ്ട്രാറോഫിസുകളിലെത്തിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. മുകളിൽ നിന്നുള്ള നിർദേശമനുസരിച്ച് ആധാരം രജിസ്ട്രേഷന് സബ് രജിസ്ട്രാറോഫിസുകളിലെത്തുന്നവരോട് വില്ലേജ് ഓഫിസുകളിൽ നിന്നുള്ള ഓൺലൈൻ പോക്കുവരവാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഉത്തരവിൽ എല്ലാം സജ്ജമെന്നവകാശപ്പെടുന്ന വില്ലേജ് ഓഫിസുകളിൽ പലതിലും ഇനിയും ബി.ടി.ആർ ഡാറ്റാ എൻട്രി പൂർത്തിയായിട്ടില്ല. മാത്രമല്ല വില്ലേജ് ഓഫിസർമാരുൾെപ്പടെയുള്ള ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേർക്കും ഓൺലൈൻ സാങ്കേതിക പരിശീലനം നൽകിയിട്ടുമില്ല. ജില്ലയിൽ വളരെ കുറച്ച് വില്ലേജ് ഓഫിസുകളിൽനിന്നാണ് ഓൺലൈൻ പോക്കുവരവ് നൽകുന്നത്. ഒന്നാം തീയതി മുതൽ കർശനമായി പാലിക്കാൻ അവകാശപ്പെടുമ്പോൾ പല വില്ലേജ് ഓഫിസർമാർക്കും പരിശീലനം നൽകാൻ തുടങ്ങിയത് അഞ്ചാം തീയതി മുതലാണ്. ആധാരം രജിസ്ട്രേഷന് സമീപിക്കുന്ന ഇടപാടുകാരോട് വില്ലേജിൽ നിന്നുള്ള ഓൺലൈൻ തണ്ടപ്പേര് കണക്ക് സബ് രജിസ്ട്രാർ ആവശ്യപ്പെടുമ്പോൾ ഇതുസംബന്ധിച്ച ജില്ല ഭരണകൂടത്തി​െൻറ ഉത്തരവ് പോലും വില്ലേജ് ഓഫിസർമാർക്ക് ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ആധാരം രജിസ്‌ട്രേഷന്‍ നടക്കണമെങ്കില്‍ സ്ഥലത്തി​െൻറ തണ്ടപ്പേരും നമ്പറും ലഭിക്കണം. തണ്ടപ്പേര് നമ്പറിന് ഭൂവുടമ അപേക്ഷിക്കണം. അപേക്ഷ ലഭിച്ചാല്‍ ഏഴ് ദിവസത്തിനകം സ്ഥലപരിശോധന നടത്തി വേണം നല്‍കാന്‍. സ്ഥലപരിശോധനക്ക് പോവാന്‍ വില്ലേജ് ഒാഫിസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും പറയുന്നു. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയും സമയമെടുക്കുമെന്നാണ് വില്ലേജ് ഓഫിസർമാർ പറയുന്നത്. ഓൺലൈൻ തണ്ടപ്പേര് കണക്ക് നൽകാത്തതിനാൽ ചാവക്കാട് സബ് രജിസ്ട്രാറോഫിസിൽ ആധാരം രജിസ്ട്രേഷൻ അഞ്ച് ദിവസമായി നടക്കുന്നില്ലെന്ന് ചാവക്കാട്ടെ പ്രമുഖ ആധാരമെഴുത്തുകാരൻ ഇ.വി. മുഹമ്മദലി പറഞ്ഞു. രജിസ്ട്രേഷന് പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് ആധാരമെഴുത്തുകാരുടെ സംഘടന നേതാക്കൾ കലക്ടറെ സമീപിച്ചിരുന്നു. പരാതി കേട്ട ശേഷം വില്ലേജ് ഓഫിസുകൾ സജ്ജമാകുന്നത് വരെ നിലവിലെ നില തുടരാൻ ജില്ല രജിസ്ട്രേഷൻ ഓഫിസർക്ക് നിർദേശം നൽകാമെന്ന് കലക്ടർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇങ്ങനെയുള്ള രേഖകളുമായി സമീപിച്ചാലും ആധാരം രജിസ്ട്രേഷൻ നടത്താൻ ചില ഉദ്യോഗസ്ഥർ വിസമ്മതിക്കുകയാണെന്ന് മുഹമ്മദലി പറഞ്ഞു. ആധാരം രജിസ്‌ട്രേഷന്‍ നിലച്ചതോടെ ആധാരം എഴുത്തുകാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് സര്‍ക്കാറിനുണ്ടാവുന്നതെന്നും മുഹമ്മദലി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.