ഉഴുതുമറിച്ച പാടം പോലെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ട്; കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഗ്രൗണ്ട് ഹെലിപ്പാഡാക്കി മാറ്റിയത്

ഗുരുവായൂര്‍: രാജ്യത്തി​െൻറ യശസ്സുയര്‍ത്തിയ കായിക താരങ്ങളെ സംഭാവന ചെയ്ത ശ്രീകൃഷ്ണ കോളജിന് വില്ലനായി തുടര്‍ച്ചയായ വി.വി.ഐ.പി സന്ദര്‍ശനങ്ങള്‍. ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്ന വി.വി.ഐ.പികള്‍ക്കായി കോളജ് ഗ്രൗണ്ട് താൽക്കാലിക ഹെലിപ്പാഡാക്കി മാറ്റുന്നതാണ് കോളജി​െൻറ കായിക ഭാവിക്കുമേല്‍ ആശങ്കപടര്‍ത്തുന്നത്. ഒളിമ്പ്യന്മാരെയടക്കം സംഭാവന ചെയ്തതാണ് കോളജി​െൻറ കായിക പാരമ്പര്യം. കല്യാണപ്പാര്‍ട്ടികള്‍ക്ക് കൂടി ഗ്രൗണ്ട് ഹെലിപ്പാഡാക്കാന്‍ വിട്ടുനല്‍കാന്‍ തുടങ്ങിയതോടെ കോളജിലെ കായിക താരങ്ങള്‍ ആശങ്കയിലാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലെ ഏറ്റവും മികച്ച കായിക പാരമ്പര്യമുള്ള കോളജ് എന്ന നിലയില്‍ ശ്രീകൃഷ്ണയെ തിരഞ്ഞെടുത്ത്് ഇവിടെ പഠിക്കാനെത്തിയവരുടെ ഭാവിയാണ് ഹെലിപ്പാഡില്‍ വട്ടമിട്ടു നില്‍ക്കുന്ന അവസ്ഥയിലായത്. ഓരോ തവണയും വി.വി.ഐ.പി വന്ന് മടങ്ങുമ്പോള്‍ ഉഴുതുമറിച്ച പാടം പോലെയാണ് കോളജ് ഗ്രൗണ്ട്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഗ്രൗണ്ട് ഹെലിപ്പാഡാക്കി മാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദി​െൻറയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവി​െൻറയും സന്ദര്‍ശനത്തിന് പുറമെ മൈസൂരില്‍നിന്നുള്ള ഒരു വ്യവസായിയുടെ വിവാഹത്തിനും കോളജ് ഗ്രൗണ്ട് ഹെലിപ്പാഡാക്കി മാറ്റി. മറ്റ് രണ്ട് വി.വി.ഐ.പികളുടെ സന്ദര്‍ശനം കൂടി ഉടൻ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഹെലികോപ്ടര്‍ ഇറങ്ങുമ്പോഴുണ്ടാകുന്ന കേടുപാടുകള്‍ക്ക് പുറമെ സുരക്ഷ ചുമതലക്കെത്തുന്നവര്‍ വാഹനങ്ങള്‍ ഗ്രൗണ്ടിലൂടെ തലങ്ങും വിലങ്ങും ഓടിക്കുന്നതിനാല്‍ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയാല്‍ പരിക്കേല്‍ക്കുമോ എന്ന ഭയത്തിലാണ് കോളജിലെ 50ഓളം കായിക താരങ്ങള്‍. വി.വി.ഐ.പിയുടെ വരവിന് മുന്നോടിയായി സുരക്ഷാ കാരണങ്ങളാല്‍ ഒരാഴ്ചയോളം പരിശീലനം മുടങ്ങുന്നതും പതിവാണ്. യൂനിവേഴ്‌സിറ്റി മീറ്റുകള്‍ക്കും ദേശീയ മീറ്റുകള്‍ക്കുമെല്ലാമുള്ള ഒരുക്കങ്ങളെയാണ് ഇത് ബാധിക്കുന്നത്. വി.ഐ.പി സന്ദര്‍ശനത്തിന് സൗകര്യമൊരുക്കാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും തകര്‍ന്ന ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കാന്‍ ആരും മെനക്കെടാറില്ല. ഇടക്കിടെ ഹെലിപ്പാഡ് ആക്കി മാറ്റുന്നതിനാല്‍ ഗ്രൗണ്ട് ടാര്‍ ചെയ്യാന്‍ നീക്കം നടന്നത് കോളജിലെ വിദ്യാര്‍ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ സന്ദര്‍ശനത്തിന് ഗ്രൗണ്ട് വിട്ടുനല്‍കുന്നതെങ്കിലും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ഇടക്കിടെയുള്ള വി.വി.ഐ.പി സന്ദര്‍ശനങ്ങള്‍ കോളജിലെ പഠന ദിവസങ്ങളെയും ബാധിക്കുന്നുണ്ട്. ഓരോ സന്ദര്‍ശനത്തിനും സുരക്ഷ കാരണങ്ങളാല്‍ രണ്ട് ദിവസം കോളജിന് അവധി നല്‍കേണ്ടി വരും. ഗുരുവായൂരില്‍ ഹെലികോപ്ടറിലെത്തുന്നവരുടെ എണ്ണം കൂടിവരുന്ന നിലക്ക് സ്ഥിരം ഹെലിപ്പാഡ് നിര്‍മിക്കുക എന്നതാണ് പരിഹാരം. ശ്രീകൃഷ്ണ കോളജിന് സമീപം തന്നെ മറ്റൊരു സ്ഥലം പരിഗണനയിലുണ്ട്. നേരത്തെ ചാവക്കാട് ദ്വാരക ബീച്ച് പരിഗണിച്ചിരുന്നെങ്കിലും ഇപ്പോള്‍ അരിയന്നൂരാണ് സജീവ പരിഗണനയില്‍. മികച്ച 'ടേബിള്‍ ടോപ്പ്' ഹെലിപ്പാഡാക്കി ഇവിടെ വികസിപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സെമിനാറുകള്‍ തുടങ്ങി ഗുരുവായൂര്‍: ചിത്രരാമായണം പ്രദര്‍ശനത്തോടനുബന്ധിച്ച് ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രം സംഘടിപ്പിച്ച സെമിനാറുകള്‍ തുടങ്ങി. ദേവസ്വം ഭരണസമിതി അംഗം പി. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. കൂടിയാട്ട കലാകാരന്‍ വി.കെ.ജി. നമ്പ്യാരെ ആദരിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍, ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ.യു. കൃഷ്ണകുമാര്‍, നളിന്‍ ബാബു എന്നിവര്‍ സംസാരിച്ചു. വിജയകുമാര്‍ മേനോന്‍, ഡോ. രാഘവന്‍ പയ്യനാട്, ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സുനില്‍ ഞാളിയത്ത് മോഡറേറ്ററായി. വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന സെമിനാറില്‍ രാമചന്ദ്ര പുലവര്‍, സാജു തുരുത്തില്‍, സുരേഷ് മുതുകുളം, കെ.ആര്‍. ബാബു എന്നിവര്‍ പ്രഭാഷണം നടത്തും. സെമിനാര്‍ വെള്ളിയാഴ്ച സമാപിക്കും. ചിത്രരാമായണം പ്രദര്‍ശനം ആഗസ്റ്റ് 16ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.