കള്ളിച്ചിത്രയിലെ ആദിവാസികള്‍ വീണ്ടും അനിശ്ചിതകാല സമര​ം തുടങ്ങി

ആമ്പല്ലൂര്‍: -ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനവും കോടതി ഉത്തരവുകളും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വരന്തരപ്പിള്ളി പഞ്ചായത്തിലെ കള്ളിച്ചിത്ര ആദിവാസി കോളനിവാസികള്‍ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങി. ആദിവാസി സംയുക്ത സമരസമിതി നേതൃത്വത്തില്‍ പാലപ്പിള്ളി റേഞ്ച് ഓഫിസിന് മുന്നിലാണ് സമരം. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ജി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാവ് എം.എന്‍. പുഷ്പന്‍, ജില്ല പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വനത്തിലെ കള്ളിച്ചിത്ര തുരുത്തില്‍ കാലങ്ങളായി താമസിച്ചിരുന്ന ആദിവാസികളെ ചിമ്മിനി അണക്കെട്ട് നിർമാണ സമയത്ത് പഞ്ചായത്തിലെ നടാംപാടം എന്ന സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അന്ന് ഇവര്‍ക്ക് പുനരധിവാസവും കൃഷിഭൂമിയും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സര്‍ക്കാറുകള്‍ മാറി വന്നെങ്കിലും വാഗ്ദാനം നടപ്പായില്ല. തുടര്‍ന്ന് നടന്ന സമരങ്ങള്‍ക്കൊടുവില്‍ ആദിവാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇവര്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തുക നീക്കിവെച്ചു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും നടപടി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം പുനരാരംഭിച്ചത്. 17 ആദിവാസി കുടുംബങ്ങള്‍ക്ക് 20 ഏക്കര്‍ ഭൂമി അനുവദിച്ചെങ്കിലും 12.5 ഏക്കര്‍ മാത്രമാണ് ലഭിച്ചത്. ബാക്കി 7.5 ഏക്കര്‍ കൂടി ആദിവാസികള്‍ക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.