തൃശൂർ: ഇലഞ്ഞിത്തറ മേളവും കുടമാറ്റവും കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ പൂരത്തിലെ അവിസ്മരണീയ മുഹൂർത്തമായ ആകാശപൂരം പുലർച്ചെയിലെ വെടിക്കെട്ടും കണ്ടാണ് മടങ്ങിയത്. നഗരത്തിലെ ഹോട്ടൽ കെട്ടിടത്തിലെ മുകൾ നിലയിലിരുന്നായിരുന്നു വെടിക്കെട്ട് ആസ്വദിച്ചത്. ഇതാദ്യമായി സംസ്ഥാന മുഖ്യമന്ത്രി അതിഥിയായി എത്തിയ പൂരം മനംനിറച്ച് ആസ്വദിച്ചാണ് മുഖ്യമന്ത്രിയുടെ മടക്കം. സാധാരണയിൽ കവിഞ്ഞ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ തൃശൂർ പൂരത്തിലേക്കുള്ള വരവിനെ ആശങ്കയോടെയാണ് നോക്കി കണ്ടിരുന്നതും, ചർച്ച ചെയ്തിരുന്നതെങ്കിലും ഒരു പൂരനാൾ മുഴുവൻ തൃശൂരിലും പൂരക്കാഴ്ചകളിലും ചടങ്ങുകളിലും പങ്കാളിയായിട്ടും ഒരു സുരക്ഷ പ്രശ്നവും ഉണ്ടായില്ലെന്നത് ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച് സി.പി.എമ്മിനും ആശ്വാസമായി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പൂരം കാണാനെത്തുന്നുവെന്ന് അറിയിെച്ചങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷയായിരുന്നു പൊലീസിനെയും പൂരം സംഘാടകരെയും അലട്ടിയത്. എന്നാൽ പൂരത്തിലെ പ്രധാന ഇനമായ വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറ മേളത്തിനരികിലെത്തി പ്രമാണി പെരുവനം കുട്ടൻമാരാരെ ആദരിച്ച മുഖ്യമന്ത്രി കുടമാറ്റം നടക്കുന്ന തെക്കേ ചരുവിൽ നേരത്തെയെത്തി കുടമാറ്റം ആസ്വദിച്ചു. പുലർച്ചെ മൂന്നിനുള്ള വെടിക്കെട്ടിന് രണ്ടോടെ മുഖ്യമന്ത്രി രാമനിലയത്തിൽ തയ്യാറായിരുന്നു. രണ്ട് ഹോട്ടലുകളാണ് മുഖ്യമന്ത്രിക്കായി സജ്ജമാക്കിയതെങ്കിലും സൗകര്യമെന്ന് സുരക്ഷ ഉദ്യോഗസ്ഥർ വിലയിരുത്തിയ ചെമ്പോട്ടിൽ െലെനിലെ ഹോട്ടലിലാണ് മുഖ്യമന്ത്രിക്ക് വെടിക്കെട്ട് കാണാൻ സൗകര്യമൊരുക്കിയത്. ആകാശപൂരത്തിലെ കരിമരുന്നിെൻറ വിസ്മയം കണ്ട് മുഖ്യമന്ത്രി അത്ഭുതം പ്രകടിപ്പിച്ചു. ഉഗ്രശബ്ദത്തിൽ ചെവി പൊത്തിയില്ലെങ്കിലും ഇതൽപ്പം കൂടുതലാണോയെന്ന ഭാവമായിരുന്നു പ്രകടനം. ഒപ്പമുണ്ടായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാർ, സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, എം.വി. ജയരാജൻ എന്നിവരോട് ആകാശപ്പൂരത്തിെൻറ അദ്ഭുതം പങ്കുവെച്ചു. വെടിക്കെട്ട് പൂർത്തിയാക്കി രാമനിലയത്തിലെത്തി നെടുമ്പാശേരിയിലേക്ക് മടങ്ങി. ഐ.ജി എം.ആർ. അജിത്കുമാറിനായിരുന്നു വെടിക്കെട്ട് സമയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷമേൽനോട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.