ഓർമകളെ താലോലിച്ച് എം.ടിയുടെയും കമലയുടെയും കളിക്കൂട്ടുകാരി

വടക്കേക്കാട്: മലയാളത്തി​െൻറ പ്രിയ എഴുത്തുകാരായ എം.ടി. വാസുദേവൻ നായരുടെയും മാധവിക്കുട്ടിയുടെയും കൂട്ടുകാരി കാർത്യായനിയമ്മക്ക് ഇന്ന് 87ാം പിറന്നാൾ. കുന്നത്തൂരിലെ പുറവൂർ വീട്ടിൽ പ്രായത്തി​െൻറ അവശതകളോടെ കഴിയുന്ന കാർത്യായനി ടീച്ചറുടെ ഓർമകൾക്ക് ഇന്നും ചെറുപ്പം. കളിക്കൂട്ടുകാരിയായിരുന്ന നാലപ്പാട്ടെ കമലയോടും അനിയൻ വാസു (അമ്മാവ​െൻറ മകൻ എം.ടി. വാസുദേവൻ നായർ) വിനോടുമൊത്തുള്ള ബാല്യ, കൗമാര കാലം ഇന്നലെ കഴിഞ്ഞതുപോലെ. എലിയങ്കാട്ടെ സ്കൂളിൽ ഉച്ചയൊഴിവിന് കമല കഥ പറയുന്നത് കേൾക്കാൻ സഹപാഠികൾ വട്ടം കൂടിയിരുന്നതായി കാർത്യായനിയമ്മ ഒാർക്കുന്നു. മുത്തശ്ശിക്കഥകളേക്കാൾ കൂട്ടുകാർക്ക് കേൾക്കാനിഷ്ടം കമലയുടെ മധുരിക്കുന്ന കഥകളായിരുന്നു. കൂടല്ലൂരിൽനിന്ന് ആറുനാഴികയകലെ കുമരനല്ലൂർ ഗവ. ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ ചേരുമ്പോൾ വാസുവും അതേ ക്ലാസിലുണ്ട്. നേർക്കുനേരെ സഹോദരിയില്ലാത്ത വാസുവിന് അമ്മായിയുടെ മകൾ കാർത്യായനിയാണ് സ്വന്തം ഓപ്പോൾ. സ്കൂൾ വാർഷികത്തിന് വാസു സമ്മാനങ്ങൾ വാരിക്കൂട്ടുമ്പോൾ കൂടുതൽ സന്തോഷം ഓപ്പോളിനാണ്. അത്താഴശേഷം അനിയനുമായി അക്ഷരശ്ലോകം ചൊല്ലാൻ മനഃപാഠമാക്കിയ കവിതകൾ ഇന്നും മറന്നിട്ടില്ല. അവധിക്കാലത്ത് അച്ഛ​െൻറ വീടായ പുന്നയൂർക്കുളത്തെ തെണ്ടിയത്ത് തറവാട്ടിൽ താമസിക്കാൻ വരുന്ന വാസുവിന് എലിയങ്കാട്ട് കോവിലകവും ചിറയും നാലപ്പാട്ട് തറവാടും കാവും കുളവുമൊക്കെ കൗതുകക്കാഴ്ചകളായിരുന്നു. കമല സ്വന്തം സഹോദരനായാണ് വാസുവിനെ കണ്ടത്. മരിക്കുന്നതി​െൻറ തലേന്നാൾ കാർത്യായനിക്ക് കമലയുടെ ഫോൺ വിളി വന്നു. വാസുവുമായി സംസാരിക്കാൻ തോന്നുന്നു അവനോടൊന്ന് വിളിക്കാൻ പറയണം. ടീച്ചർ ഉടൻ വാസുവിനെ അറിയിച്ചു. അന്നുതന്നെ എം.ടി കമലയെ വിളിക്കുകയും ചെയ്തു. പിറ്റേന്ന് കമല സുരയ്യ മരിച്ചുവെന്ന വാർത്ത വന്നപ്പോൾ അതൊരു അന്ത്യാഭിലാഷമായിരുെന്നന്ന് തോന്നി. അധ്യാപികയായി കാർത്യായനിയമ്മ ആദ്യം ജോലി ചെയ്തത് നിളാനദിയോരത്തെ വയലും കുന്നും നിറഞ്ഞ കൂടല്ലൂർ ഗ്രാമത്തിലെ മലമൽക്കാവ് സ്കൂളിലാണ്. അമ്മായിയോടൊത്ത് മാടത്ത് തെക്കേപ്പാട്ട് നാലുകെട്ടിലായിരുന്നു താമസം. നാലപ്പാട്ട് ബാലാമണിയമ്മയാണ് കാർത്യായനിയമ്മക്ക് എഴുതാൻ പ്രചോദനം നൽകിയത്. ആനുകാലികങ്ങളിൽ ധാരാളം ലേഖനങ്ങളും കഥകളും എഴുതി. 'ഒരു മെഴുകുതിരിപോലെ' എന്ന പേരിൽ കഥാസമാഹാരവും 'വഴിയടയാളങ്ങൾ' എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും ആത്മീയ ഗ്രന്ഥങ്ങളും കാർത്യായനിയമ്മയുടേതായി പുറത്തിറങ്ങി. വന്ദേരി ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായിരുന്നു. ടീച്ചറെ കാണാൻ ദിനേന നിരവധി ശിഷ്യർ എത്തും. കമല സുരയ്യയുടെ പുന്നയൂർക്കുളത്തെ ജീവിതകാലമറിയാൻ സാഹിത്യ ഗവേഷകരും കുന്നത്തൂരിലെ പുറവൂർ വീട്ടിൽ വരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.