തൃശൂര്‍: അപകടമേഖലയായ മുതുവറയിലെ തകർന്ന റോഡിൽ ടൈൽ വിരിക്കുന്ന പ്രവൃത്തി തുടങ്ങി. റോഡ് നിരപ്പാക്കി നിലമൊരുക്കുന്ന പ്രവൃത്തിയാണ് വ്യാഴാഴ്ച തുടങ്ങിയത്. എക്സ്കവേറ്റർ ഉപയോഗിച്ച് അതിവേഗത്തിലാണ് പ്രവൃത്തി. ടൈൽ ഉൾപ്പെെടയുള്ള നിർമാണ സാമഗ്രികൾ വെള്ളിയാഴ്ച എത്തിക്കും. തിങ്കളാഴ്ചയോടെ തന്നെ ടൈൽ പതിക്കൽ തുടങ്ങും. പ്രവൃത്തി അവലോകനം ചെയ്യാനും സമയനിഷ്ഠ തയാറാക്കാനുമായി വെള്ളിയാഴ്ച കലക്ടറുടെ ചേംബറിൽ യോഗം ചേരും. അതീവ അപകടാവസ്ഥയിലായ മുതുവറ പെട്രോള്‍ പമ്പ് മുതല്‍ മോസ്‌കോ റോഡുവരെ 150 മീറ്ററാണ് ടൈല്‍ വിരിക്കുന്നത്. ഇവിടത്തെ വെള്ളക്കെട്ടും വെള്ളമൊഴുകാൻ സൗകര്യമില്ലാത്തതുമാണ് റോഡ് തകർച്ചക്ക് പ്രധാന കാരണം. വെള്ളം കെട്ടിനിൽക്കാൻ കഴിയാത്ത വിധം ക്വാറിപ്പൊടിയും ചെറിയ മെറ്റലും ഉപയോഗിച്ച് റോഡ് നിരപ്പ് ഉയർത്തി അതിന് മുകളിലാണ് കോൺക്രീറ്റ് ടൈലുകൾ വിരിക്കുക. ഇതോടെ റോഡ് നിരപ്പ് 40 സെ.മീ ഉയരമാവും. 15 ദിവസത്തിനകം പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ടൈൽ വിരിക്കൽ പൂർത്തിയാവുന്നതോടെ നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടുകോടിയുടെ പ്രവൃത്തി തുടങ്ങുമെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു. ഗതാഗത നിയന്ത്രണം തൃശൂർ: മുതുവറയിൽ ടൈൽ വിരിക്കൽ ആരംഭിച്ചതോടെ തൃശൂർ- കുറ്റിപ്പുറം റോഡിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മുണ്ടൂരിൽനിന്ന് തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ വഴിയാണ് തൃശൂരിലെത്തുന്നത്. തൃശൂരിൽനിന്ന് കുന്നംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ പുഴക്കലിൽനിന്ന് മുതുവറ സെൻറർ വരെ ഒറ്റവരിയായാണ് കടത്തി വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.