Posted On
date_range Updated On
date_range തീവണ്ടി പിടിച്ചിട്ടു, മണിക്കൂറുകൾ കുടുങ്ങി യാത്രക്കാർ
മണിക്കൂറുകൾ കുടുങ്ങി യാത്രക്കാർ തൃശൂർ: മുന്നറിയിപ്പില്ലാതെയുള്ള അറ്റക്കുറ്റപ്പണിയെ തുടർന്ന് തൃശൂർ -എറണാകുളം റെയിൽ പാതയിൽ മണിക്കൂറുകളോളം ട്രെയിനുകൾ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. പുതുക്കാടിനും തൃശൂരിനുമിടയിലാണ് പാളത്തിൽ പണി. ഓണം അവധി കഴിഞ്ഞ് മടങ്ങുന്ന നിരവധി യാത്രക്കാർ ട്രെയിനുകളിൽ ഉണ്ടായിരുന്നു. തൃശൂർ, ഒല്ലൂർ, പുതുക്കാട്, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിലാണ് മണിക്കൂറുകളോളം യാത്രക്കാർ കുടുങ്ങിയത്. ഉച്ചക്ക് 12നും വൈകീട്ട് അഞ്ചിനുമിടയിലാണ് ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ ട്രെയിനുകൾ പിടിച്ചിട്ടത്. ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പല ട്രെയിനുകളും 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയും വൈകിയാണ് ഓടിയിരുന്നത്. ഇതിനിടെയാണ് മുന്നറിയിപ്പില്ലാെത ട്രെയിനുകൾ പിടിച്ചിട്ടത്. കാത്തിരുന്ന് മടുത്ത യാത്രക്കാർ സ്റ്റേഷനുകളിലും ട്രെയിനുകളിലും ബഹളമുണ്ടാക്കി. ട്രാക്കിൽ പണി നടത്തുന്നത് എൻജിനീയറിങ് വിഭാഗം നേരത്തെ അറിയിക്കാതിരുന്നതിനാലാണ് യാത്രക്കാർക്ക് മുൻകൂട്ടി വിവരം നൽകാൻ സാധിക്കാതിരുന്നതെന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ കെ. ജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.