ഗുരുവായൂര്‍: ആനത്താവളത്തിലെ ചരിത്ര സ്മാരകമായ പുന്നത്തൂർ കോവിലകം സംരക്ഷിക്കാൻ നടപടികളില്ല. നിലംപൊത്താറായ കെട്ടിടം വാർത്തകളിൽ സ്ഥാനം പിടിച്ചതിനെ തുടർന്ന് നാല് മാസം മുമ്പ് ദേവസ്വം ഭരണ സമിതി അംഗങ്ങൾ സന്ദർശിച്ചെങ്കിലും നടപടികളൊന്നും ആരംഭിച്ചിട്ടില്ല. നാട്ടുരാജവംശമായിരുന്ന പുന്നത്തൂർ നമ്പിടികളുടെ ആസ്ഥാനമായിരുന്ന കോവിലകമാണ് തകർച്ചയുടെ വക്കിൽ നിൽക്കുന്നത്. കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാമെന്ന അവസ്ഥയിലായതിനാൽ സന്ദർശകർ പ്രവേശിക്കാതിരിക്കാനായി കയർ കെട്ടി തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. പലഭാഗത്തും കഴുക്കോലുകൾ ദ്രവിച്ച് ഓടുകൾ വീണതിനാൽ മേൽക്കൂരയിൽ ടാർപോളിൻ കെട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്. 'വടക്കൻ വീരഗാഥ' എന്ന സിനിമയിലൂടെ ഈ കെട്ടിടത്തിെൻറ സൗന്ദര്യം ജനശ്രദ്ധയിലെത്തിയിരുന്നു. ആനത്താവളം സന്ദർശിക്കാനെത്തുന്നവരുടെ ആകർഷണ കേന്ദ്രമാണ് കോവിലകം കെട്ടിടം. 1975 ലാണ് പുന്നത്തൂർ കോവിലകം ഗുരുവായൂർ ദേവസ്വം ഏറ്റെടുത്ത് ആനത്താവളം ഇങ്ങോട്ട് മാറ്റിയത്. ചരിത്ര സ്മാരകത്തിന് ആവശ്യമായ സംരക്ഷണം ദേവസ്വം കോവിലകത്തിന് നൽകുന്നില്ല. ഇതിനോട് ചേർന്നുള്ള നാടകശാല 15 വർഷം മുമ്പ് തകർന്നു. 2008 ൽ തോട്ടത്തിൽ രവീന്ദ്രൻ ദേവസ്വം ചെയർമാനായിരിക്കെ കോവിലകം നവീകരണ പ്രവൃത്തികൾ നടത്തിയിരുന്നു. ആനകളുമായി ബന്ധപ്പെട്ട മ്യൂസിയം ഇവിടെ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. എന്നാൽ പിന്നീടുവന്നവരാരും കെട്ടിടത്തെ തിരിഞ്ഞുനോക്കിയില്ല. വിനോദ സഞ്ചാരികൾക്കെല്ലാം പ്രവേശനമുണ്ടായിരുന്ന കോവിലകം കെട്ടിടത്തിൽ ക്ഷേത്രമുണ്ടെന്ന് പറഞ്ഞ് യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് ക്ഷേത്രാചാരങ്ങൾ പാലിച്ച് മാത്രമേ പ്രവേശിക്കാവൂ എന്ന നിബന്ധന കൊണ്ടുവന്നു. നേരത്തെ വെള്ളം, ഗുരുവായൂർ കേശവൻ, വടക്കൻ വീരഗാഥ എന്നീ സിനിമകളുടെ ചിത്രീകരണം ഈ കെട്ടിടത്തിനുള്ളിൽ നടന്നിട്ടുണ്ട്. കോടികളുടെ വരുമാനമുള്ള ഗുരുവായൂർ ദേവസ്വത്തിെൻറ അവഗണന തുടർന്നാൽ ചരിത്ര സ്മാരകം മണ്ണടിയാൻ അധികകാലം വേണ്ടിവരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.