വടക്കേക്കാട്: പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളെ വേർതിരിക്കുന്ന കരിയന്തടം റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും പണി വൈകുന്നതായി പരാതി. ചക്കിത്തറ-കൊച്ചനൂർ റോഡിൽ നിന്ന് കിഴക്കോട്ട് വട്ടൻ നിലങ്ങളിൽകൂടി മൂന്നു പതിറ്റാണ്ട് മുമ്പ് സ്ഥലമുടമകൾ സഹകരിച്ചാണ് റോഡ് നിർമിച്ചത്. നെൽകൃഷി നിലച്ചതോടെ നിലങ്ങൾ മുറിച്ചുവിറ്റു. പിന്നീട് റോഡിനിരുവശവും വീടുകൾ നിറഞ്ഞു. ഇതോടെ റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുയർന്നു. കുന്നംകുളം നഗരസഭയിലെ വടുതലയുമായി ബന്ധപ്പെടുത്തുന്ന 400 മീറ്റർ റോഡ് നവീകരിക്കാൻ വടക്കേക്കാട് പഞ്ചായത്ത് ഈയിടെ എട്ടേകാൽ ലക്ഷം രൂപ വകയിരുത്തി. പണി തുടങ്ങുമെന്നായതോടെ പലരും മതിൽ റോട്ടിലേക്കിറക്കി കെട്ടിയത് വീതി കുറയാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നിശ്ചിത വീതിയിൽ കുറഞ്ഞാൽ ഫണ്ട് നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. അതേസമയം പരാതി ലഭിച്ചാൽ ഉടൻ കൈയേറ്റം അന്വേഷിച്ച് നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.