തരിശുഭൂമി കൃഷിയോഗ്യമാക്കൽ: സർക്കാർ പ്രഖ്യാപനം നടപ്പായില്ല

തൃശൂർ: തരിശിട്ട ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കണമെന്ന സർക്കാർ നിർദേശം ജില്ലയിൽ കൃഷി ഓഫിസർമാർ അവഗണിച്ചു. ജില്ലയിൽ തരിശിട്ട ഭൂ ഉടമകൾക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിട്ടില്ല. വിവിധ കർഷക സംഘടനകൾ, സന്നദ്ധ സംഘടനകൾ, സൊസൈറ്റികൾ എന്നിവർ ഇക്കാര്യത്തിൽ ബന്ധപ്പെട്ടപ്പോഴാണ് ചുമതലയുള്ള ഏരിയ ഫീൽഡ് ഓഫിസർമാർ ആർക്കും ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടില്ലെന്ന് അറിയുന്നത്. തരിശിട്ട ഭൂമിയിൽ കൃഷിയിറക്കണമെന്നും ഇല്ലെങ്കിൽ സർക്കാർ നിർദേശമനുസരിച്ച് കൃഷിയിറക്കുമെന്നും അറിയിച്ച് ഏരിയ ഫീൽഡ് ഓഫിസർമാരായ കൃഷിഭവൻ ഓഫിസർമാരാണ് ഭൂവുടമകൾക്ക് നോട്ടീസ് നൽകേണ്ടത്. നോട്ടീസ് കാലാവധിയനുസരിച്ച് പരിശോധിക്കുകയും നടപടികളിലേക്ക് കടക്കുകയും വേണം. രണ്ട് മാസം മുമ്പ് മന്ത്രി വി.എസ്. സുനിൽകുമാർ വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. രണ്ടാംവിളക്കുള്ള കൃഷിയൊരുക്കങ്ങൾ തുടങ്ങിയിരിക്കെ വീണ്ടും സംഘടനകൾ ബന്ധപ്പെട്ടപ്പോഴാണ് നോട്ടീസ് അയക്കുന്ന പ്രാഥമിക നടപടികൾ പോലും ചെയ്തിട്ടില്ലെന്ന് അറിഞ്ഞത്. മന്ത്രി വി.എസ്. സുനിൽകുമാറി‍​െൻറ മണ്ഡലമായ തൃശൂർ കോർപറേഷൻ പ്രദേശം ഉൾപ്പെടുന്ന വഞ്ചിക്കുളം മുതൽ കെ.എൽ.ഡി.സി കനാൽ വരെ വരുന്ന 200 ഹെക്ടറോളം ഭൂമി തരിശിട്ടിരിക്കുകയാണ്. ഭൂവുടമകളെ സംബന്ധിച്ച് വിവരം ഇല്ലാത്തതിനാൽ നോട്ടീസ് അയച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. മന്ത്രിയെ പരാതിയറിയിച്ചതിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയെങ്കിലും, ഉദ്യോഗസ്ഥ അനാസ്ഥ വ്യക്തമാക്കുന്നതാണ് ഇതെന്നാണ് കർഷകരുടെ പരാതി. സർക്കാറി​െൻറയും മന്ത്രിയുടെയും നിർദേശത്തിന് പുല്ലുവില കൽപ്പിക്കുന്നതോടൊപ്പം കൃഷിയിറക്കാൻ സന്നദ്ധമായെത്തുന്നവരെ നിരാശരാക്കുന്നതാണ് ഉദ്യോഗസ്ഥരുടെ നടപടികളെന്ന് കർഷകർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.