നഗരസഭാ ഓഫിസിലേക്ക് സമരക്കാരെ കടത്തിവിട്ട നടപടി: പൊലീസിനെതിരെ നടപടി ആവശ്യപ്പെടും

ഗുരുവായൂര്‍: ഉപരോധത്തിനെത്തിയവരെ നഗരസഭാ ഓഫിസിലേക്ക് കടത്തിവിട്ട പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് കത്ത് നൽകുമെന്ന് നഗരസഭാ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയും ഉപാധ്യക്ഷൻ കെ.പി. വിനോദും അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള പൊലീസ് സമരക്കാരെ നഗരസഭാ ഓഫിസിൽ കയറ്റി ഉപരോധത്തിന് സൗകര്യമൊരുക്കിയത് തെറ്റായ നടപടിയാെണന്നും കുറ്റപ്പെടുത്തി. തനിക്ക് സൗകര്യപ്രദമായ സമയം അന്വേഷിക്കുകപോലും ചെയ്യാതെയാണ് സമരത്തിനെത്തിയവരുമായി പൊലീസ് ചേംബറിന് മുന്നിലെത്തിയതെന്ന് അധ്യക്ഷ പറഞ്ഞു. ഈ സമയത്ത് നഗരസഭയുടെ ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി വിതരണം ചെയ്യുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസുമായി വിഡിയോ കോണ്‍ഫറന്‍സ് നടക്കുകയായിരുന്നു. ഉപാധ്യക്ഷൻ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വാര്യർ എന്നിവരും നഗരസഭയുടെ ചുമതലയുള്ള സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷും ചേംബറിൽ ഉണ്ടായിരുന്നു. അതിനാൽ പ്രിൻസിപ്പൽ സെക്രട്ടറിയുമായുള്ള വിഡിയോ കോൺഫറൻസ് കഴിയുന്നതുവരെ സന്ദർശകരെ സ്വീകരിക്കാൻ നിർവാഹമില്ലായിരുന്നു. ഇതാണ് മദ്യശാലക്കെതിരെ പരാതിയുമായെത്തിയവരെ ഓഫിസിന് മുന്നില്‍ കാത്തുനിര്‍ത്തിയെന്ന രീതിയിൽ പ്രചാരണം നടത്തുന്നത്. കോണ്‍ഫറന്‍സിനുശേഷം മദ്യശാല നില്‍ക്കുന്ന പ്രദേശത്തെ വീട്ടമ്മമാരെ കാണാമെന്ന് അറിയിക്കുകയും കാണുകയും ചെയ്തു. അവരുടെ പരാതികൾ എക്സൈസ് മന്ത്രിയെ അറിയിക്കാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. സമീപവാസികളായ മൂന്നുപേരെ കാണാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം കയറിയ പ്രദേശവാസികളല്ലാത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളോടാണ് പുറത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഓഫിസിനുള്ളിൽ ജീവനക്കാർക്ക് ജോലിചെയ്യാൻപോലും കഴിയാത്ത രീതിയിൽ സമരക്കാർക്ക് വിഹരിക്കാൻ സൗകര്യം ലഭിച്ചത് പൊലീസി​െൻറ വീഴ്ചയാണ്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെടുമെന്നും അറിയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.