നഗരസഭ കൗണ്‍സില്‍ യോഗം: കുടിവെള്ളത്തെ ചൊല്ലി കുടമേന്തി അകത്തും പുറത്തും പ്രതിഷേധം

കുന്നംകുളം: നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം കുടവുമായത്തെിയത് ബഹളത്തിനിടയാക്കി. വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ സ്റ്റാറ്റ്യൂട്ടറി യോഗത്തിലാണ് സംഭവം. കോണ്‍ഗ്രസ് - സി.എം.പി അംഗങ്ങള്‍ ജയ്സിങ് കൃഷ്ണന്‍, ബിജു സി. ബേബി എന്നിവരുടെ നേതൃത്വത്തില്‍ മുദ്രാവാക്യം മുഴക്കി. കുടവുമായി കോണ്‍ഗ്രസ് വിമതരും രംഗത്തത്തെി. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായി മന്ത്രി എ.സി. മൊയ്തീന്‍െറ സാന്നിധ്യത്തില്‍ പലതവണ യോഗം ചേര്‍ന്നിട്ടും നടപടി ഉണ്ടായില്ളെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ആലിക്കല്‍ കുറ്റപ്പെടുത്തി. ഉയര്‍ന്ന മേഖലകളില്‍ വെള്ളം ഇല്ലാതെ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കുഴല്‍ കിണറുകള്‍ ഒഴിവാക്കി പൊതുകിണറുകള്‍ സംരക്ഷിക്കണമെന്ന നിര്‍ദേശമുണ്ടായിട്ടും സി.പി.എം അംഗങ്ങളുടെ വാര്‍ഡുകളില്‍ എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച കുഴല്‍ കിണര്‍ നിര്‍മിച്ച് വെള്ളം വിതരണം ചെയ്യുന്നതായി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.കെ. മുരളി ആരോപിച്ചു. ഇതോടെ കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ആലിക്കലിന്‍െറ നേതൃത്വത്തില്‍ കുടങ്ങളുമായി ചെയര്‍മാന്‍െറ ഡയസിന് മുന്നിലത്തെി മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.കെ. മുരളി, ഗീത ശശി എന്നിവരുടെ നേതൃത്വത്തില്‍ പ്ളകാര്‍ഡുകളും കുടവുമേന്തി എത്തി. പരിഹാരം കാണാമെന്നും സീറ്റിലേക്ക് മടങ്ങണമെന്നും ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി അംഗങ്ങള്‍ തയാറായില്ല. ബഹളം ശക്തമായതോടെ യോഗം പിരിച്ചുവിട്ടു. ഇതിനിടെ അജണ്ട വായിക്കാന്‍ ശ്രമിച്ചെങ്കിലും കോപ്പി പ്രതിഷേധക്കാര്‍ പിടിച്ചുവാങ്ങി. യോഗം പിരിച്ചുവിട്ടതോടെ കോണ്‍ഗ്രസ് വിമതര്‍, ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി ചെയര്‍മാന്‍െറ മുറിക്ക് മുന്നിലത്തെി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഇതേസമയം, കൗണ്‍സില്‍ ഹാളില്‍ കോണ്‍ഗ്രസ്, സി.എം.പി, ആര്‍.എം.പി അംഗങ്ങളും കുത്തിയിരിപ്പ് സമരം തുടര്‍ന്നു. അംഗങ്ങള്‍ പിന്മാറില്ളെന്ന് വന്നതോടെ കക്ഷി നേതാക്കളുമായി ചെയര്‍മാന്‍ ചര്‍ച്ച നടത്തി. കുടിവെള്ള പ്രശ്നം സംബന്ധിച്ച് പത്ത് ദിവസത്തിനകം പ്രത്യേക കൗണ്‍സില്‍ ചേരാമെന്ന ഉറപ്പില്‍ സമരം അവസാനിച്ചു. കുടിവെള്ളപദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായും പത്ത് പദ്ധതികള്‍ നടപ്പാക്കാന്‍ 82 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 11 വാര്‍ഡുകളില്‍ ജല സംഭരണികള്‍ സ്ഥാപിക്കും. റവന്യൂ വകുപ്പിനാണ് ചുമതല. അഞ്ച് പട്ടികജാതി കോളനികളിലും ആറ് വാര്‍ഡുകളിലുമാണ് നടപ്പാക്കുക. പൊട്ടിയ പൈപ്പുകള്‍ അടിയന്തരമായി മാറ്റും. മോട്ടോറുകള്‍ നന്നാക്കാന്‍ ഭൂഗര്‍ഭജല വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായും അവര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.