വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഇരകള്‍

തൃശൂര്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പുതുക്കി നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കാതെയും വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍-പാലക്കാട് ജില്ലയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പ്രചാരണജാഥ ആരംഭിക്കുന്നു. ജനവാസ കേന്ദ്രങ്ങളിലൂടെ അതീവ സുരക്ഷിതത്വത്തോടെ കൊണ്ടുപോകേണ്ട പൈപ്പ് ലൈന്‍ കഴിഞ്ഞ 16 വര്‍ഷത്തെ തുടര്‍ച്ചയായ ഉപയോഗത്താല്‍ പൈപ്പുകള്‍ കാലഹരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് കൊച്ചിന്‍-സേലം പെട്രോളിയം ഗ്യാസ് പൈപ്പ് ലൈന്‍ സുരക്ഷിതത്വ നഷ്ടപരിഹാര ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൈപ്പ് ലൈനില്‍ ഇതുവരെ അപകടം സംഭവിച്ചിട്ടില്ളെന്നുപറഞ്ഞ് കെ.എസ്.പി.പി.എല്‍ എന്ന പുതിയ കമ്പനി ഇതേ ഭൂമിയിലൂടെ കൊച്ചിയില്‍നിന്ന് സേലത്തേക്ക് എല്‍.പി.ജി കൊണ്ടുപോകുന്നതിന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മുഴുവന്‍ ജീവജാലങ്ങളും ഇല്ലാതാകുമെന്ന ഭീതിയിലാണ് തദ്ദേശവാസികളെന്ന് സമിതി പ്രസിഡന്‍റ് ഐസക് ഇടപ്പാറ, ഒ.എസ്. അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. എന്തെങ്കിലും അപകടം ഉണ്ടായാല്‍ത്തന്നെ ഈ സ്ഥലത്തേക്ക് എത്താന്‍ റോഡുപോലുമില്ലാത്ത സ്ഥിതിയാണ്. കൊച്ചിയില്‍നിന്ന് തമിഴ്നാട്ടിലെ കാരൂരിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാന്‍ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലെ 650 ഏക്കറോളം സ്ഥലമാണ് ഉപയോഗിച്ചിരിക്കുന്നത്. അതീവ സുരക്ഷിതത്വം നല്‍കി മാത്രമേ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയുള്ളൂവെന്നാണ് അന്ന് പൈപ്പ് ലൈന്‍ സ്ഥാപിച്ച പെട്രോനെറ്റ് സി.സി.കെ ലിമിറ്റഡ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. തൃശൂര്‍, പാലക്കാട് ജില്ലയില്‍ മാത്രം ഒമ്പതിനായിരത്തോളം ഭൂവുടമകളുടെ സ്ഥലത്തുകൂടിയാണ് പൈപ്പ്ലൈന്‍ സ്ഥാപിച്ചത്. മതിയായ നഷ്ടപരിഹാരം പോലും നല്‍കാതെയാണ് കമ്പനി ഭൂമിയിലൂടെ പൈപ്പ് സ്ഥാപിച്ചത്. ഈ ഭൂമിയില്‍ പിന്നീട് ഒരു ഷെഡ് പോലും കെട്ടാന്‍ അവകാശമില്ല. കൂടാതെ പൈപ്പ് ലൈന്‍ പോയതുമൂലം സ്ഥലത്തിന്‍െറ വിലയും ഇല്ലാതായി. പുതിയ പ്രോജക്ട് പ്രകാരം എല്‍.പി.ജി കൊണ്ടുപോകുന്ന പൈപ്പ് സ്ഥാപിക്കുന്ന ഭൂമിക്ക് പുതുക്കിയ നഷ്ടപരിഹാരം നല്‍കണം. പൈപ്പ്ലൈനിന്‍െറ സുരക്ഷിതത്വം ഉറപ്പുവരുത്തുക, അപകടസ്ഥലത്തത്തൊന്‍ ലൈനിലുടനീളം റോഡ് നിര്‍മിക്കുക, ഭൂമിക്ക് പുതുക്കിയ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 13, 14 തീയതികളില്‍ സമരപ്രചാരണ ജാഥ നടത്തും. 13ന് രാവിലെ 8.30ന് കറുകുറ്റിയില്‍നിന്ന് ആരംഭിക്കുന്ന ജാഥ 14ന് വൈകീട്ട് വാളയാറില്‍ സമാപിക്കും. സമിതി ഭാരവാഹികളായ വി.വി. മുരളീധരന്‍, ബേബി ഉഴുന്നുംപുറം എന്നിവരും സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.