കര്‍ഷകര്‍ക്ക് ഇരുട്ടടി

തൃശൂര്‍: ജില്ലയില്‍ പലയിടങ്ങളിലും വന്‍തോതില്‍ കൃഷിനാശം നേരിട്ടശേഷം പ്രക്ഷോഭത്തിന് വഴങ്ങി അധികൃതര്‍ ചിമ്മിനി ഡാം തുറന്നുകൊടുത്തെങ്കിലും ജില്ല ഭരണകൂടത്തിന്‍െറ പുതിയ ഉത്തരവ് കര്‍ഷകര്‍ക്ക് മറ്റൊരു ഇരുട്ടടിയായി. വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന്‍െറ ഭാഗമായി കനാലില്‍നിന്ന് പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളമെടുക്കുന്നത് തടഞ്ഞ് കലക്ടര്‍ ഉത്തരവിട്ടു. ചിമ്മിനിയിലെ വെള്ളം ഏനാമാവ് വരെ മാത്രമേ എത്തിയിട്ടുള്ളുവെന്നിരിക്കേ പമ്പിങ്ങിലൂടെ ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഉത്തരവ്. പറപ്പൂര്‍, അടാട്ട് കോള്‍മേഖലയില്‍ ഇനിയും വെള്ളം എത്തിയിട്ടില്ല. വെള്ളിയാഴ്ച വൈകീട്ടും പുല്ലഴിയിലെ കനാലില്‍ പാടത്തേക്ക് കയറാവുന്ന നിരപ്പില്‍ വെള്ളം ആയിട്ടില്ല. കനാലിലെ ജലനിരപ്പ് ഒരടിയോളം മാത്രമാണ് ഉയര്‍ന്നതെന്നാണ് പുല്ലഴി കോള്‍പടവ് സഹകരണ സംഘം പ്രസിഡന്‍റ് കോളങ്ങാട്ട് ഗോപിനാഥന്‍ പറയുന്നത്. വരന്തരപ്പിള്ളി മുതല്‍ ഏനാമാവ് വരെ ചിമ്മിനി ഡാമിലെ വെള്ളമൊഴുകുന്ന പുഴ, കോള്‍ച്ചാലുകള്‍ എന്നിവിടങ്ങളിലെ ജലസേചനത്തിന്‍െറ പമ്പിങ്ങിനുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെക്കാന്‍ തൃശൂര്‍, ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് കലക്ടര്‍ ഡോ. എ. കൗശിഗന്‍ നിര്‍ദേശം നല്‍കി. ഉപതോടുകളിലെ പമ്പിങ്ങും അനുവദിക്കില്ല. വൈദ്യുതി വകുപ്പ് അധികൃതര്‍ എത്തി ഓരോസ്ഥലത്തെയും ഫ്യൂസ് ഊരിയെടുത്താണ് പമ്പ് ഹൗസുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്. പമ്പ് സെറ്റിന് വിലക്കേര്‍പ്പെടുത്തുന്നതോടെ ചാലിലൂടെയുള്ള വെള്ളംവരവും നിലക്കും. കനാലില്‍ ചണ്ടിയും കുളവാഴയും നിറഞ്ഞതിനാല്‍ വെള്ളം പറപ്പൂര്‍, അടാട്ട് മേഖലയിലത്തൊന്‍ ഇനിയും ദിവസങ്ങളെടുക്കും. അതേസമയം, പലയിടത്തും ഇതിനകം നെല്‍കൃഷി ഉണങ്ങി ത്തുടങ്ങി. മുല്ലശ്ശേരി, ഏനാമാവ്, വടക്കാഞ്ചേരി മേഖലകളിലെ നെല്‍പാടത്ത് പതിരിന് സമാനമായ നെല്ലാണ് വിളവിട്ടത്. ഗുണമേന്മയില്ലാത്തതാണെന്ന കാരണത്താല്‍ 40 ടണ്ണിലേറെ നെല്ലാണ് വടക്കാഞ്ചേരി ഇരുന്നൂറേക്കര്‍ പാടശേഖരത്തില്‍ ആഴ്ചകളായി കൂട്ടിയിട്ടിരിക്കുന്നത്. അരിമണിക്ക് വലുപ്പവും തൂക്കവും കുറവാണെന്നുപറഞ്ഞ് സപൈ്ളകോതന്നെ കൈമലര്‍ത്തിയതോടെ സ്വകാര്യ മില്ലുടമകള്‍ ചുളുവിലയുമായി കര്‍ഷകരെ വട്ടമിട്ടുതുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.