ഇരിങ്ങാലക്കുട: കൊച്ചി രാജവംശത്തിലെ തമ്പുരാട്ടിമാർക്ക് പാരമ്പര്യ അവകാശമായി സർക്കാർ നൽകിപ്പോരുന്ന ഉത്രാടക്കിഴി കൈമാറ്റത്തിന് ഇത്തവണയും ചിട്ടതെറ്റിയില്ല. രാജവാഴ്ചയുടെ സ്മരണയുമായി ലീല തമ്പായി കിഴി ഏറ്റുവാങ്ങി. തൃശൂർ ജില്ല കലക്ടറുടെ പ്രത്യേക ദൂതൻ മുഖേനെ തഹസിൽദാരെ ഏൽപിച്ച ഉത്രാടക്കിഴി മുകുന്ദപുരം തഹസിൽദാർ കെ.വി. ജോസഫ് തമ്പുരാട്ടിക്ക് സമർപ്പിച്ചു. രാജവാഴ്ചയുടെ സ്മരണക്കായി രാജകുടുംബത്തിലെ അംഗങ്ങൾക്ക് ലഭിക്കുന്ന ഉത്രാടക്കിഴി കൊച്ചി രാജകുടുംബത്തിലെ ഇളംതലമുറക്കാരിക്കുള്ള സർക്കാറിെൻറ പതിവ് തെറ്റാത്ത സമ്മാനമാണ്. അവിട്ടത്തൂർ കൊട്ടാരത്തുമഠത്തിൽ രാമവർമ തിരുമുൽപാടിെൻറ പത്നിയായ ലീല തമ്പായി കൊച്ചി രാജകുടുംബത്തിലെ ഇളംകുന്നപ്പുഴ നടയ്ക്കൽ കോവിലകത്തെ പിന്മുറക്കാരിയുമാണ്. പണ്ട് ഒാണക്കാലത്ത് കൊച്ചി രാജകുടുംബത്തിലെ സ്ത്രീകൾക്ക് ഒാണക്കോടി വാങ്ങാൻ രാജാക്കന്മാർ ഉത്രാടക്കിഴി നൽകിപ്പോന്നിരുന്നു. പിന്നീട് രാജാവ് ഇൗ ആവശ്യത്തിന് എൻഡോവ്മെൻറ് ഏർപ്പെടുത്തി. തിരു-കൊച്ചി സംയോജനത്തോടെ ഉത്രാടക്കിഴി നൽകുന്ന ചുമതല സർക്കാറിേൻറതായി. പണ്ട് ഉത്രാടക്കിഴി പതിനാല് രൂപയും ചില്ലറയുമായിരുന്നു. 2011ലാണ് സർക്കാർ ആയിരത്തൊന്ന് രൂപയാക്കി ഉയർത്തിയത്. 46ാം തവണയാണ് ലീല തമ്പായി തമ്പുരാട്ടി ഉത്രാടക്കിഴി ഏറ്റുവാങ്ങിയത്. മുകുന്ദപുരം താലൂക്കിലെ ഉത്രാടക്കിഴി ലഭിക്കുന്ന ഏക വ്യക്തിയാണ് 78കാരിയായ ലീല തമ്പായി. തനിക്ക് തിരുവോണത്തെക്കാൾ പ്രാധാന്യം ഉത്രാടമാണ്. ആ ദിവസം നൽകുന്ന സന്തോഷം വളരെ വലുതാണെന്നും തമ്പുരാട്ടി പറഞ്ഞു. അവിട്ടത്തൂരിൽ മകൻ രാജേന്ദ്രവർമയോടൊപ്പമാണ് താമസം. അവിട്ടത്തൂരിലുള്ള വീട്ടിൽനടന്ന ചടങ്ങിൽ മുകുന്ദപുരം തഹസിൽദാർ കെ.പി. ജോസഫ് സർക്കാറിെൻറ ഒാണസമ്മാനം കൈമാറി. കടുപ്പശ്ശേരി വില്ലേജ് ഒാഫിസർ മനോജ് നായർ, സ്പെഷൽ വില്ലേജ് ഒാഫിസർ വി.എസ്. സിജോയ്, ഡെപ്യൂട്ടി തഹസിൽദാർമാരായ അഹമ്മദ് നിസാർ, കെ. ശാന്തകുമാരി, ഉദ്യോഗസ്ഥരായ കെ.കെ. സന്ധ്യ, സി.യു. ജയശ്രീ, പി.കെ. പ്രവീൺ എന്നിവരും ഒപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.