എരുമപ്പെട്ടി: കുണ്ടന്നൂർ മാവിൻ ചുവട് പരിസരത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാൽ നട യാത്രക്കാരി കുണ്ടന്നൂർ ചിരിയംകണ്ടത്ത് വീട്ടിൽ എൽസി, ലോട്ടറി കച്ചവടം നടത്തിയിരുന്ന പുൽകൂട്ടിൽ വീട്ടിൽ ഷീബ, പരിസരവാസിയായ മേക്കാട്ടുകുളം വീട്ടിൽ ദേവസി, മകൻ ഡോൺ എന്നിവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്ത് വീട് നിർമാണത്തിന് എത്തിയ എരുമപ്പെട്ടി കുന്നത്തേരി സ്വദേശി പ്രസാദിനും കടന്നൽ കുത്തേറ്റിട്ടുണ്ട്. വഴിയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും, പരിസരത്ത് വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർക്കും കടന്നൽ കൂട്ടത്തിന്‍റെ കുത്തേറ്റിട്ടുണ്ട്.
കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിലെ കുണ്ടന്നൂർ മാവിൽചുവട് പരിസരത്ത് ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. റോഡരികിലെ വീടിന്റെ മുൻവശത്തെ കാട് പിടിച്ചു കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കുമ്പോഴാണ് കടന്നൽക്കൂട്ടം ഇളകി സമീപത്തുള്ളവരെ ആക്രമിച്ചത്. എൽസിയേയും ഷീബയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിടെയാണ് ദേവസിക്കും മകൻ ഡോണിനും കുത്തേറ്റത്. കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം കാരണം ഏറെനേരം പ്രദേശത്ത് ഇരുചക്ര വാഹന ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.