കുടുംബശ്രീയുടെ പാട്ടക്കൃഷി നശിപ്പിച്ചു; 25 ലക്ഷത്തിന്‍െറ നഷ്ടം

തൃശൂര്‍: കുടുംബശ്രീ അംഗങ്ങള്‍ പാട്ടത്തിനെടുത്ത് നടത്തുന്ന കൃഷി നശിപ്പിച്ചതായി പരാതി. തോളൂര്‍ പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിലുള്ള നന്മ ജെ.എല്‍.ജി ഗ്രൂപ്പിന്‍െറ നേതൃത്വത്തിലുള്ള കൃഷിയാണ് കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിച്ചത്. വിളവെടുക്കാറായ കൂര്‍ക്ക, ചേന, കൊള്ളി, പയര്‍, വെണ്ട, കുമ്പളം തുടങ്ങി അഞ്ചേക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കുന്നു. എട്ട് വര്‍ഷമായി നടത്തുന്ന കൃഷിയാണ് ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് നശിപ്പിച്ചത്. ഒമ്പത് ലക്ഷം ചെലവിട്ട് നിര്‍മിച്ച പോളിഹൗസും തകര്‍ത്തു. ആലുവ വെളിയത്തുനാട് മനോജിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷിറക്കിയിരുന്നത്. 2013 മുതല്‍ 2018 വരെയാണ് പാട്ടക്കാലാവധി. സംഭവത്തില്‍ മനോജിനെതിരെ സി.ഡി.എസ് ചെയര്‍പേഴ്സന്‍ സതീദാസും, സെക്രട്ടറി എസ്.എസ്. ലതയും പേരാമംഗലം പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷക തൊഴിലാളിക്കുള്ള ഗ്രാമശക്തി അവാര്‍ഡ് നേടിയ കര്‍ഷകയാണ് എസ്.എസ്. ലത. വില്‍പനക്കായി വെച്ച കാര്‍ഷികോല്‍പന്നങ്ങളും മോഷണം പോയിട്ടുണ്ട്. പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പുഴക്കല്‍ ബ്ളോക് പ്രസിഡന്‍റ് ലൈജു സി. എടക്കളത്തൂര്‍ പ്രതിഷേധിച്ചു. ബ്ളോക് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. കുര്യാക്കോസ്, തോളൂര്‍ പഞ്ചായത്തംഗങ്ങളായ സി.വി. ഡേവീസ്, ലിസ ഫ്രാന്‍സിസ്, സി.ഡി.എസ് ചെയര്‍പേഴ്സന്‍ സതീദാസ്, സി.കെ. ഫ്രാന്‍സിസ് എന്നിവര്‍ കൃഷിയിടം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.