മന്ത്രിസഭയില്‍ വീണ്ടും തൃശൂരിന്‍െറ കരുത്ത്

തൃശൂര്‍: 1957ലെ ആദ്യമന്ത്രിസഭയിലേക്ക് നാല് മന്ത്രിമാരെ നല്‍കിയ തൃശൂരിന് അതിന് ശേഷം ഏറ്റവും കൂടുതല്‍ മന്ത്രിമാരെ ലഭിക്കുന്നത് ഇത്തവണയാണ്. 2016 അധികാരമേല്‍ക്കുന്ന 14ാം മന്ത്രിസഭയില്‍ മൂന്നുപേര്‍ തൃശൂരില്‍നിന്നാണ്. ധനകാര്യം കൈകാര്യം ചെയ്തിരുന്ന സി. അച്യതമേനോനും പഞ്ചായത്ത് മന്ത്രിയായിരുന്ന പി.കെ. ചാത്തന്‍ മാസ്റ്ററും വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശ്ശേരിയും ആരോഗ്യ മന്ത്രിയായി എ.ആര്‍. മേനോനുമാണ് തൃശൂരില്‍നിന്ന് ആദ്യ മന്ത്രിസഭയിലുണ്ടായിരുന്നത്. എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരാണ് ഇക്കുറി തൃശൂരില്‍നിന്നുള്ള മന്ത്രിമര്‍. മുണ്ടശ്ശേരിക്ക് ശേഷം തൃശൂരില്‍നിന്നുള്ള വിദ്യാഭ്യാസ മന്ത്രിയാകും സി. രവീന്ദ്രനാഥ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ജില്ലയില്‍നിന്നുള്ള സി.എന്‍. ബാലകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന സഹകരണവകുപ്പില്‍ കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീന്‍ മന്ത്രിയാകും. ആദ്യമന്ത്രിസഭയിലേക്കും നിയമസഭയിലേക്കും കൂടുതല്‍ കമ്യൂണിസ്റ്റുകാരെ സംഭാവന ചെയ്ത തൃശൂരിനോട് തുടര്‍ന്ന് അധികാരത്തിലത്തെിയ പട്ടം താണുപിള്ളയുടെ മന്ത്രിസഭ വേണ്ടത്ര കനിവുകാട്ടിയില്ല. ജില്ലയില്‍നിന്നുള്ള ഏക മന്ത്രിയായി നാട്ടികയില്‍നിന്ന് വിജയിച്ച കെ.ടി. അച്യുതന് ഗതാഗത -തൊഴില്‍ വകുപ്പ് നല്‍കുകയായിരുന്നു. ആര്‍. ശങ്കറിന്‍െറ രണ്ടാം മന്ത്രിസഭയിലും കെ.ടി. അച്യുതന്‍ തുടര്‍ന്നു. 14 പേരുണ്ടായിരുന്ന 1967ലെ ഇ. എം.എസ് മന്ത്രിസഭയില്‍ തൃശൂരില്‍നിന്ന് ആരുമുണ്ടായിരുന്നില്ല. എട്ട് അംഗങ്ങള്‍ മാത്രമുണ്ടായ 1969ലെ സി. അച്യുതമേനോന്‍ മന്ത്രിസഭയിലെ തൃശൂരിന്‍െറ പ്രാതിനിധ്യം മുഖ്യമന്ത്രി മാത്രമായിരുന്നു. അച്യുതമേനോന്‍െറ രണ്ടാം മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി തൃശൂരില്‍നിന്ന് കെ. കരുണാകരന്‍ കൂടിയുണ്ടായി. 1977ല്‍ അധികാരമേറ്റ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് പുറമെ, ഹരിജന ക്ഷേമം കൈകാര്യം ചെയ്ത കെ.കെ. ബാലകൃഷ്ണനെയും മന്ത്രിയായി ലഭിച്ചു. തുടര്‍ന്ന് വന്ന എ.കെ. ആന്‍റണിയുടെ മന്ത്രിസഭയിലും കെ.കെ. ബാലകൃഷ്ണന് ഹരിജന ക്ഷേമത്തിനൊപ്പം ജലസേചന വകുപ്പും ലഭിച്ചു. തുടര്‍ന്ന് അധികാരത്തിലത്തെിയ പി.കെ. വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ ആരോഗ്യ -വൈദ്യുതി വകുപ്പുകളുടെ മന്ത്രിയായി കെ.പി. പ്രഭാകരന്‍ തൃശൂരിന്‍െറ സാന്നിധ്യമറിയിച്ചു. ’79ലെ സി.എച്ച്. മുഹമ്മദ് കോയയുടെ ഇടക്കാല മന്ത്രിസഭയില്‍ തൃശൂരിന് പ്രാതിനിധ്യം ലഭിച്ചില്ല. 1980ല്‍ അധികാരത്തിലത്തെിയ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ തൃശൂരില്‍നിന്ന് ഗതാഗതമന്ത്രിയായി ലോനപ്പന്‍ നമ്പാടന്‍ ഉണ്ടായിരുന്നു. 81ലെ സര്‍ക്കാറില്‍ മുഖ്യമന്ത്രിയായ കെ. കരുണാകരന്‍ മാത്രമാണ് തൃശൂരില്‍നിന്നുള്ളത്. 82ലും മുഖ്യമന്ത്രി കെ. കരുണാകരനൊപ്പം മറ്റാരും തൃശൂരില്‍നിന്നുണ്ടായില്ല. 1987ല്‍ അധികാരത്തിലത്തെിയ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി വി.വി. രാഘവനും ഹൗസിങ് ബോര്‍ഡ് മന്ത്രിയായി ലോനപ്പന്‍ നമ്പാടനും ഉണ്ടായിരുന്നു. തുടര്‍ന്ന് കെ. കരുണാകരന്‍ മന്ത്രിസഭയില്‍ പി.പി. ജോര്‍ജ് കൃഷിമന്ത്രിയായും കെ.പി. വിശ്വനാഥന്‍ വനം മന്ത്രിയായും തൃശൂര്‍ കരുത്തുതെളിയിച്ചെങ്കിലും കെ. കരുണാകരനും കെ.പി. വിശ്വനാഥനും അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായ എ.കെ. ആന്‍റണി കൃഷിമന്ത്രിയായിരുന്ന പി.പി. ജോര്‍ജിനെയും മന്ത്രിസഭയില്‍നിന്ന് നീക്കി, പകരം വി.എം. സുധീരനെ ആരോഗ്യമന്ത്രിയാക്കി. പിന്നീട് ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരത്തിലത്തെിയപ്പോള്‍ തൃശൂരില്‍നിന്ന് മന്ത്രിമാരായി കെ. രാധാകൃഷ്ണനെയും (പട്ടികജാതി-വര്‍ഗ-യുവജന ക്ഷേമം) വി.കെ. രാജനെയും (കൃഷി) ലഭിച്ചു. മന്ത്രിയായിരിക്കെ അന്തരിച്ച വി.കെ. രാജന്‍െറ പിന്‍ഗാമിയായി കൃഷ്ണന്‍ കണിയാംപറമ്പല്‍ തൃശൂരില്‍നിന്ന് കൃഷിമന്ത്രിയായി. 2001ല്‍ എ.കെ. ആന്‍റണി മന്ത്രിസഭ അധികാരത്തിലത്തെിയപ്പോള്‍ തൃശൂരില്‍നിന്ന് ആരെയും പരിഗണിച്ചില്ല. ആന്‍റണിയുടെ രാജിയത്തെുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും തൃശൂരിന് പ്രാതിനിധ്യം നല്‍കിയില്ല. 2006ല്‍ വി. എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ കെ. പി. രാജേന്ദ്രന്‍ റവന്യൂമന്ത്രിയായത്തെി. കെ. രാധാകൃഷ്ണനായിരുന്നു സ്പീക്കര്‍. 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തൃശൂരില്‍നിന്ന് സി.എന്‍. ബാലകൃഷ്ണന്‍ സഹകരണ മന്ത്രിയായി. അവസാനകാലത്ത് തോമസ് ഉണ്ണിയാടനിലൂടെ ചിഫ് വിപ്പ് പദവിയും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.