സുനിലിന്‍െറ മന്ത്രിപദം: അന്തിക്കാടിന് ആഹ്ളാദ നിമിഷം

അന്തിക്കാട്: കെ.പി. പ്രഭാകരനും മകന്‍ കെ.പി. രാജേന്ദ്രനും പിറകെ അന്തിക്കാട്ടുനിന്ന് വീണ്ടുമൊരാള്‍ മന്ത്രിപദത്തിലേക്ക്. വി.എസ്. സുനില്‍കുമാറും മന്ത്രിയാകുന്നത് അന്തിക്കാട് ഗ്രാമത്തെ ആഹ്ളാദത്തിലാക്കി. ആദ്യം പ്രഭാകരനായിരുന്നു മന്ത്രിയായത്. രാഷ്ട്രീയരംഗത്ത് ഇറങ്ങിയ മകന്‍ കെ.പി. രാജേന്ദ്രന്‍ കഴിഞ്ഞ ഇടതുമുന്നണിയുടെ ഭരണകാലത്ത് റവന്യൂ മന്ത്രിയായിരുന്നു. ഇത്തവണ മൂന്നാം അങ്കത്തിന് ഇറങ്ങി വിജയിച്ച വി.എസ്. സുനില്‍കുമാറിനെ സി.പി.ഐ നേതൃത്വം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. 2006ല്‍ ചേര്‍പ്പില്‍നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് എം.എല്‍.എയായ സുനില്‍കുമാര്‍ കഴിഞ്ഞ തവണ ചേര്‍പ്പ് മണ്ഡലം ഇല്ലാതായതോടെ കയ്പമംഗലം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച് രണ്ടാം തവണയും എം.എല്‍.എയായി. ഇത്തവണ മൂന്നാം അങ്കത്തിന് സി.പി.ഐ സംസ്ഥാന കമ്മിറ്റി പ്രത്യേക പരിഗണന നല്‍കി ഇറക്കുകയായിരുന്നു. യു.ഡി.എഫ് കോട്ടപിടിച്ചെടുത്താല്‍ മന്ത്രിയാക്കുമെന്ന ആലോചന നേരത്തെ ഉണ്ടായിരുന്നു. ലീഡര്‍ കെ. കരുണാകരന്‍െറ മകള്‍ പത്മജ വേണുഗോപാലിനെ തോല്‍പിച്ചാണ് സുനില്‍കുമാര്‍ വീണ്ടും എം.എല്‍.എയാകുന്നത്. സുനില്‍കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനം വന്നതോടെ അന്തിക്കാട് ഗ്രാമം ആഹ്ളാദത്തിലാണ്. വീണ്ടുമൊരു മന്ത്രിസ്ഥാനം എത്തിയെന്ന സന്തോഷത്തിലാണ് ഈനാട്. അന്തിക്കാട്ടുക്കാരനായ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എ. രാജനും എം.എല്‍.എയാകുന്നതോടെ നാട് ഏറെ സന്തോഷത്തിലാണ്. സി.പി.ഐ ശക്തികേന്ദ്രമാണ് അന്തിക്കാട്. നിരവധി നേതാക്കളാണ് അന്തിക്കാട്ടുകാരായിട്ടുള്ളത്. മന്ത്രിയായാല്‍ അന്തിക്കാടിന്‍െറ വികസനവും ശ്രദ്ധയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍ക്ക്. വീട്ടുകാരും ബന്ധുക്കളും ഏറെ സന്തോഷത്തിലാണ്. അന്തിക്കാട് പടിയം വന്നേരിമുക്ക് വെളിച്ചപ്പാട് പരേതനായ സുബ്രഹ്മണ്യന്‍െറ മകനാണ് സുനില്‍കുമാര്‍. പ്രേമാവതിയാണ് അമ്മ. ഭാര്യ അഡ്വ. രേഖ. മകന്‍: പത്താം ക്ളാസ് വിദ്യാര്‍ഥി നിരജ്ഞന്‍ കൃഷ്ണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.