ചെന്ത്രാപ്പിന്നി: തീരദേശക്കാരുടെ ആഘോഷങ്ങളിലേക്ക് സിനിമയെന്ന മാധ്യമത്തെ പരിചയപ്പെടുത്തിയ ഒരു സിനിമാ കൊട്ടക കൂടി വിസ്മൃതിയിലേക്ക്. വെള്ളിത്തിരയിലെ വെള്ളിവെളിച്ചവും ആഘോഷങ്ങളും ഇനി ചെന്ത്രാപ്പിന്നി ശ്രീമുരുകന്‍ തിയറ്ററില്‍ ഉണ്ടാകില്ല. ഇവിടം ഇനി വിവാഹ മംഗളങ്ങള്‍ക്ക് വേദിയാകും. നവംബര്‍ 30നായിരുന്നു അവസാന പ്രദര്‍ശനം. കൊടുങ്ങല്ലൂര്‍-വാടാനപ്പള്ളി കേന്ദ്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്ന തിയറ്ററായിരുന്നു ചെന്ത്രാപ്പിന്നി ശ്രീമുരുകന്‍. 250 പേര്‍ക്ക് സിനിമകാണാം. മറ്റ് തിയറ്ററുകള്‍ പൂട്ടിയ അതേ കാരണം തന്നെയാണ് ശ്രീമുരുകനും താഴിടാനിടയാക്കിയത്, സാമ്പത്തിക ബാധ്യത. ശ്രീമുരുകന്‍ ഇനി കല്യാണ മണ്ഡപമായി രൂപം മാറും. നേരത്തെ നഗരങ്ങളിലെ എ ക്ളാസ് തിയറ്ററുകള്‍ ഓഡിറ്റോറിയങ്ങളായി പരിണമിച്ചപ്പോഴും ഗ്രാമ പ്രദേശത്തെ ബി,സി ക്ളാസ് തിയറ്ററുകള്‍ പിടിച്ചു നിന്നിരുന്നു. എന്നാല്‍, കാണികളും കലക്ഷനും ക്രമേണ കുറഞ്ഞു. ഇവയും അകാല ചരമം പ്രാപിക്കുകയായിരുന്നു. പെരിഞ്ഞനം യമുനാ തിയറ്റര്‍ മാത്രമാണ് തീരദേശത്തുകാര്‍ക്ക് സിനിമ കാണാന്‍ അവശേഷിക്കുന്നത്. ഇതും വൈകാതെ പൂട്ടേണ്ട സ്ഥിതിയിലാണ്. കാരയിലെ മേരിമാത, എസ്.എന്‍ പുരത്തെ പോള, മതിലകത്തെ മുംതാസ്, കൂളിമുട്ടത്തെ മണികണ്ഠന്‍, മൂന്നുപീടിക സുജിത്ത്, ചെന്ത്രാപ്പിന്നി മനോജ്, കാട്ടൂര്‍ പ്രിയദര്‍ശിനി, വലപ്പാട് കൈലാസ്, വലപ്പാട് ചിത്രാമൂവീസ്, എടമുട്ടം തീരം, വാടാനപ്പള്ളി ചിലങ്ക തുടങ്ങിയ പ്രധാന തിയറ്ററുകളെല്ലാം വിവാഹ മണ്ഡപങ്ങളോ കണ്‍വെന്‍ഷന്‍ സെന്‍ററുകളോ ആയി മാറിക്കഴിഞ്ഞു. സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചു ചാട്ടത്തിനനുസരിച്ച് മാറാന്‍ കഴിയാത്തതാണ് പലതും പൂട്ടാന്‍ കാരണം. ഡിജിറ്റല്‍ ശബ്ദ സംവിധാനമടക്കം ആധുനിക സൗകര്യങ്ങള്‍ ഒരുക്കി പിടിച്ചു നില്‍ക്കാന്‍ തിയറ്റര്‍ ഉടമകള്‍ ശ്രമിച്ചെങ്കിലും സാമ്പത്തിക ബാധ്യതയായിരുന്നു മിച്ചം. തിയറ്റര്‍ പൂട്ടുന്നത് വഴി ഒരു സാംസ്കാരിക ഇടംകൂടിയാണ് നഷ്ടമാകുന്നത്. ഇവിടെ കേന്ദ്രീകരിച്ച് നിരവധി സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. 2000 ത്തിലധികം സിനിമാശാലകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ശേഷിക്കുന്നത് 300 ഓളം തിയറ്ററുകള്‍ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.